കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമല്ലെന്ന് എ.കെ ആന്റണി
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് ഒറ്റക്ക് വിചാരിച്ചാല്‍ 2024ല്‍ ഭരണമാറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും എന്നാൽ, കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യമല്ലെന്നും എ.കെ.ആന്റണി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ സഹകരിക്കാന്‍ തയാറുള്ളവര്‍ യോജിക്കണം.
കോണ്‍ഗ്രസ് ഉണ്ടെങ്കില്‍ തങ്ങളില്ലെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ പ്രയോജനം ലഭിക്കുന്നത് ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കാണ്. ഭരണഘടന സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഒരുമിച്ച് നിന്ന് മറ്റൊരു ഭരണഘടന ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കണം. ഭരണഘടനദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് നടന്ന 'ഇന്ത്യന്‍ ഭരണഘടന- പ്രസക്തിയും വെല്ലുവിളിയും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കോണ്‍ഗ്രസ് യാഥാർഥ്യബോധത്തോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ഭരണഘടന അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അവർ ഭരണഘടന പൊളിച്ചെഴുതാനും മൗലികാവകാശങ്ങള്‍ മാറ്റാനും ശ്രമിക്കുന്നു. ഭരണഘടനയുടെ ആത്മാവ് നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ഭരണഘടനാദിനമാചരിക്കുമ്പോൾ നമുക്ക് കഴിയണം-ആന്റണി പറഞ്ഞു.
റിട്ട.ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി ഭരണഘടന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍. ശക്തന് അധ്യക്ഷത വഹിച്ചു. ജി.എസ്. ബാബു, ജി. സുബോധന്‍, മര്യാപുരം ശ്രീകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, കെ. മോഹന്‍കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, വി. പ്രതാപചന്ദ്രന്, വി.എസ്. ഹരീന്ദ്രനാഥ്, വിതുര ശശി, കമ്പറ നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.