ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം ലക്ഷ്യം, മറ്റൊന്നും ആലോചിക്കേണ്ടെന്ന് എ.കെ. ആന്‍റണി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം മുന്നിലുള്ള ലക്ഷ്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി. നേതാക്കൾ മറ്റ് തെരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട. പാർട്ടിയിൽ ഏക സ്വരവും ഏക പ്രവർത്തന ശൈലിയുമാണ് വേണ്ടതെന്നും ആന്‍റണി പറഞ്ഞു. കെ.പി.സി.സി വിശാല നിർവാഹകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരും ടി.എൻ പ്രതാപനും നിയമസഭയിലേക്ക് വരാനുള്ള ആഗ്രഹം പുറപ്പെടുവിച്ചത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.കെ ആന്‍റണിയുടെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
മത്സരിക്കാനില്ലെന്ന ചില എം.പിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ ഇന്നലെ ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലും വിമർശനം ഉയർന്നിരുന്നു. സ്ഥാനാർഥിത്വം ഉൾപ്പെടെ എം.പിമാർ നടത്തുന്ന പരസ്യപ്രതികരണം ഗുണകരമല്ല. അവരെ നിലക്കുനിർത്താൻ കെ.പി.സി.സി പ്രസിഡന്‍റ് തയാറാകണമെന്നും ആവശ്യമുയർന്നു. ടി.എൻ. പ്രതാപന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം.
കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എം.പിമാരെ തള്ളി രംഗത്തുവന്നിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.