Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്ക് ഇതുപോലൊരു...

മോദിക്ക് ഇതുപോലൊരു പതനമുണ്ടാകാനില്ലെന്ന് എ.കെ ആന്റണി

text_fields
bookmark_border
മോദിക്ക് ഇതുപോലൊരു പതനമുണ്ടാകാനില്ലെന്ന് എ.കെ ആന്റണി
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുപോലൊരു പതനം ഉണ്ടാകാനില്ലെന്നതാണ് കർണാടക തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ട്രാജഡിയെന്ന് കോൺ​ഗ്രസ് നേതാവ് എ.കെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയും കർണാടകയിലെ കോൺ​ഗ്രസും തമ്മിലുള്ള മൽസരമായിരുന്നു.

നരേന്ദ്രമോദി പത്തുദിവസം അവിടെ ചിലഴിച്ചു. വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്നതാണ് ഇപ്പോൾ തനിക്ക് ഓർമവരുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനുണ്ടായ ചരിത്ര വിജയം കർണാടകക്കും ഇന്ത്യക്ക് ആകെയും ഒരുപാട് സന്ദേശങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലെ മതേതര വോട്ടർമാർ ഒരുമിച്ച് നിന്നാൽ 2024ൽ മോദി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്നതാണ് ഇന്ത്യക്ക് ആകെയുള്ള സന്ദേശം. മറ്റൊന്ന്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് മേൽ മതേതര ശക്തികൾ നേടിയ ചരിത്ര വിജയമാണിതെന്നും ആന്റണി പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയക്കാരും പറയാറുള്ള ഒരു വാക്ക് അടർത്തിയെടുത്ത് അതിന്റെ പേരിൽ നാലുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ​ഗാന്ധിയുടെ ലോക്സഭയിലെ അം​ഗത്വം നഷ്ടപ്പെടുത്തി. അദ്ദേഹത്തെ വീട്ടിൽ നിന്ന് കുടിയിറക്കി. കേന്ദ്രസർക്കാർ കാട്ടിയ ഈ പ്രതികാര രാഷ്ട്രീയം കർണാടകയിലെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾ അം​ഗീകരിക്കില്ലെന്നതിന്റെ തെളിവാണ് കർണാടക തെരഞ്ഞെടുപ്പിലെ തിരിച്ചടി.

ഇനി തിരിച്ചടികളുടെ പരമ്പരയുണ്ടാകും. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്​ഗഡിലും ഉണ്ടാകും. ഒടുവിൽ 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകയിൽ മുഖ്യമന്ത്രി ആരാകണമെന്ന് കർണാടകയിലെ എംഎൽഎമാരും കോൺ​ഗ്രസ് ഹൈക്കമാന്റും ചേർന്ന് തീരുമാനിക്കും. 2013ൽ ഇതുപോലൊരു സന്ദർഭം വന്നപ്പോൾ താനായിരുന്നു നിരീക്ഷകനെന്ന് ആന്റണി പറഞ്ഞു.

അന്ന് സ്വീകരിച്ച ഒരു ശൈലിയുണ്ട്. അതേ ശൈലിയിൽ തന്നെ ഇത്തവണയും മുഖ്യമന്ത്രിയെ ഒരു കുഴപ്പവുമില്ലാതെ തീരുമാനിക്കും. രാഷ്ട്രീയത്തിന് അതീതമായി കോൺ​ഗ്രസിനെ സ്നേഹിക്കുന്നവർ മാത്രമല്ല, വെറുപ്പിന്റെ രാഷ്ട്രീയം അവസാനിക്കണമെന്നും മതേതരത്വം പുലരണമെന്നും ആ​ഗ്രഹിക്കുന്ന എല്ലാവരും കയ്യും മെയ്യും മറന്ന് കോൺ​ഗ്രസിന് ചരിത്ര വിജയം ഉണ്ടാക്കിയതിന് ശേഷം എന്തെങ്കിലും മുറുമുറുപ്പ് ഉണ്ടായാൽ അത് ജനങ്ങൾ സഹിക്കില്ലെന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം കർണാടകയിലെയും ഇന്ത്യയിലെയും കോൺ​ഗ്രസ് നേതൃത്വത്തിനുണ്ട്.

അതുകൊണ്ട് എല്ലാം ഭം​ഗിയായും സു​ഗമമായും നടക്കും. അവിടെ കോൺ​ഗ്രസിന്റെ ഒരു സർക്കാരുണ്ടാകും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നാകെ നടപ്പാക്കുമെന്നും ആന്റണി വ്യക്തമാക്കി. കേരളത്തിലെ നേതാക്കളായ എം.പിമാർക്കും എം.എൽ.എമാർക്കും കർണാടകയിലെ എല്ലാ മണ്ഡലങ്ങളിലും ചുമതല നൽകിയിരുന്നു. അതിൽ 136 മണ്ഡലങ്ങളിൽ കോൺ​ഗ്രസ് ജയിച്ചു. ജനാധിപത്യമല്ലേ, എല്ലാം മണ്ഡലങ്ങളിലും ജയിക്കുമെന്ന് കരുതാനാകുമോ?. പ്രതിപക്ഷം വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK AntonyNarendra Modi
News Summary - AK Antony said that Modi cannot have a fall like this
Next Story