ഇടത് ഭരണം തുടർന്നാൽ കേരളത്തിൽ നാശം; അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്രയെന്ന് എ.കെ. ആന്‍റണി
text_fieldsതിരുവനന്തപുരം: ഇടതിന്‍റെ തുടർഭരണം ഉണ്ടായാൽ അത് കേരളത്തിൽ നാശം വിതക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖമുദ്ര. തുടർഭരണം ഉണ്ടായാൽ സംസ്ഥാനത്ത് ആപത്താണെന്നും എ.കെ. ആന്‍റണി വ്യക്തമാക്കി.
ശബരിമല വിഷയത്തിലെ പിണറായി സർക്കാറിന്‍റെ നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ.കെ. ആന്‍റണി പറഞ്ഞു. പമ്പ മുതൽ മാക്കൂട്ടം വരെ നൂറു കണക്കിന് പൊലീസുകാരുടെ അകമ്പടിയിൽ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സർക്കാർ ശ്രമിച്ചു. ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പിണറായി എത്ര മാറ്റിപറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ പിണറായി പിടിവാശി കാണിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ആന്‍റണി ചോദിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിന് മുമ്പ് തന്നെ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. വിധി നടപ്പാക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. വിശ്വാസികളുടെ സംഘടനകളുമായി ചർച്ച നടത്താനും സർവകക്ഷി യോഗം വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ആന്‍റണി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ എടുത്തുചാട്ടം ശബരിമല പ്രശ്നം സങ്കീർണമാക്കി. ആരോടും ചർച്ച നടത്താതെ നവോത്ഥാനം എന്ന് വമ്പ് പറഞ്ഞു നടന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി മര്യാദരാമനായി. ഇനി മുഖ്യമന്ത്രി എത്ര സ്വരം മാറ്റിയാലും വിശ്വാസികൾ മാപ്പ് തരില്ല. ഇടതുപക്ഷത്തിന് കേരളത്തിലെ അമ്മമാർ രാഷ്ട്രീയ വനവാസം വിധിക്കുമെന്നും ആന്‍റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.