കോൺഗ്രസിൽ പടത്തലവൻമാർ ഏറെയുണ്ടെങ്കിലും കാലാൾപ്പടയിൽ കുറവ് -എ.കെ ആന്റണി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് എ.കെ. ആന്റണി. പാർട്ടിയിൽ ആവശ്യത്തിന് ജനറൽമാരും പടത്തലവൻമാരുമുണ്ടെങ്കിലും കാലാൾപ്പടയുടെ വലിയ കുറവുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് താഴേത്തട്ടിൽ നിന്നാണ്. കൂടുതൽ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1967നേക്കാൾ വലിയ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ കടന്ന് പോകുന്നതെന്നും വാർത്താ സമ്മേളനത്തിൽ ആന്റണി പറഞ്ഞു.
നേതാക്കൾക്കുവേണ്ട പ്രധാനഗുണം വിട്ടുവീഴ്ചാ മനോഭാവമാണെന്നും ആന്റണി നേതാക്കളെ ഓർമപ്പെടുത്തി. താനും കരുണാകരനുമൊക്കെ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചില വിട്ടുവീഴ്ചകൾ ചെയ്ത് ഒന്നിച്ചുനീങ്ങണം. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെയാണ് മുതിർന്ന നേതാവിന്റെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.