മോദിയുടെ വാഹനത്തിൽ കയറ്റാതെ അബ്ദുള്‍ സലാം അപമാനിതനായെന്ന് ബാലൻ; ഫുള്ളി ലോഡഡ് ആയിരുന്നുവെന്ന് സലാം
text_fieldsപാലക്കാട്/ തിരുവനന്തപുരം: പാലക്കാട് നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ കയറ്റാതെ മലപ്പുറത്തെ എൻ.ഡി.എ സ്ഥാനാർഥി ഡോ. അബ്ദുൾ സലാം അപമാനിതനായതായി സിപിഎം നേതാവ് എ.കെ ബാലൻ. മത ന്യൂനപക്ഷത്തിൽപെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശമാണ് ഇത് നൽകുന്നത്. മതന്യൂനപക്ഷങ്ങൾ ബി.ജെ.പിയിലേക്ക് പോയാൽ നാണം കെടുമെന്നും ഇത് ഗവർണർ കൂടി മനസ്സിലാക്കണമെന്നും എ.കെ. ബാലൻ പറഞ്ഞു.
പ്രധാനമന്ത്രി വന്നതുകൊണ്ട് പാലക്കാട് ബി.ജെ.പി ജയിക്കില്ല. ഇടതുമുന്നണി ഇത്തവണ പാലക്കാട് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോദിക്കൊപ്പം റോഡ് ഷോയിൽ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നൽകിയിരുന്നതാണെന്നും വാഹനം ഫുള്ളി ലോഡഡ് ആയതിനാലാണ് തന്നെ കയറ്റാതിരുന്നതെന്നും ഡോ. അബ്ദുൾ സലാം പറഞ്ഞു. ‘അത് ഫുള്ളിലോഡഡായിരുന്നു. വാഹനത്തിൽ കയറ്റുമെന്ന് പറഞ്ഞിരുന്നു. ആ സമയത്ത് വന്നപ്പോൾ വാഹനം നിറഞ്ഞുപോയി. കണ്ടു, സംസാരിച്ചു, ചിരിച്ചുകൊണ്ട് തന്നെ ഗുഡ്‍ലക്ക് പറഞ്ഞു. മലപ്പുറത്തേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചു. അപ്പോൾ ചിരിച്ചു. അങ്ങ് പോയി. അത്രതന്നെ. എല്ലാവർക്കും കയറാനാവില്ലല്ലോ വാഹനത്തിൽ’ -അദ്ദേഹം പറഞ്ഞു.
പൊന്നാനി, പാലക്കാട്, മലപ്പുറം സ്ഥാനാർഥികളായ നിവേദിത, കൃഷ്ണകുമാർ, ഡോ. അബ്ദുൾ സലാം എന്നിവർ വാഹനത്തിൽ ഉണ്ടാകുമെന്നായിരുന്നു നേരത്തെ ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം സലാമിനെ ഒഴിവാക്കുകയായിരുന്നു. നിവേദിതയും കൃഷ്ണകുമാറും കെ. സുരേന്ദ്രനും വാഹനത്തിൽ ഉണ്ടായിരുന്നു.
സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.