അൻവറിന്റെ ആരോപണങ്ങൾ ഒരു നാണക്കേടുമുണ്ടാക്കിയിട്ടില്ല -എ.കെ. ബാലൻ
text_fieldsപാലക്കാട്: പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ സർക്കാറിനും ഭരണപക്ഷത്തിനും ഒരു നാണക്കേടുമുണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. പൊലീസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്. ആരായാലും ഉപ്പ് തിന്നവർ വെള്ളം കുടിക്കും. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഡി.ജി.പി കർശനമായി പരിശോധിക്കും.
ഏത് പ്രമാണിയായാലും നടപടി സ്വീകരിക്കും. പി. ശശിക്കെതിരായി വന്നതടക്കം എല്ലാം പൊലീസ് പരിശോധിക്കും. പാർട്ടിയിൽ സ്ത്രീകൾക്ക് നേരെ ചൂഷണം നടക്കുന്നെന്ന കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ഉയർത്തിയ ആരോപണത്തിന് മതിയായ പ്രാധാന്യം കോൺഗ്രസിൽനിന്ന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും നിലപാട് വ്യക്തമാക്കണമെന്നും എ.കെ. ബാലൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആരോപണം പരിശോധിക്കും -ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ കുറ്റാരോപണങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അതീവ ഗൗരവമുള്ളതാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളും പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുമാണ് പറഞ്ഞതെന്നും അവ പറയുന്നതിൽ തെറ്റില്ലെന്നും ടി.പി വ്യക്തമാക്കി. ആരോപണം ഉയർന്നുവന്നതുകൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകില്ല. ആരോപണം ഉന്നയിച്ചു കഴിഞ്ഞാൽ അതു ശരിയോ തെറ്റോ എന്നു കണ്ടെത്തേണ്ടതുണ്ട്. എല്ലാ ആരോപണങ്ങളും പരിശോധിക്കും. അതാണ് സർക്കാറിന്റെ സമീപനം. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഇടതുമുന്നണിയെ ബാധിക്കില്ല. ആഭ്യന്തര വകുപ്പിനെതിരെയല്ല, ചില ഉദ്യോഗസ്ഥർക്കെതിരെയാണ് അൻവർ ആരോപണം ഉന്നയിച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ സർക്കാർ പ്രതിക്കൂട്ടിലാണെന്ന വാദം ശരിയല്ല. മുന്നണി കൂടുതൽ ശക്തമായി മുന്നോട്ടുപോകും. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കരുത്തുറ്റ നേതൃത്വം നൽകുന്ന നേതാവാണ് പിണറായി വിജയൻ-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.