ആദിവാസി പ്രസ്താവന: എ.കെ ബാലനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയില്‍ നാല് നവജാതശിശുക്കള്‍ മരിച്ചതിനെ കുറിച്ചുള്ള നിയമസഭയിലെ വിവാദ പ്രസ്താവനയിൽ നിയമ മന്ത്രി എ.കെ ബാലനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. വിമർശനങ്ങൾക്ക് മന്ത്രി സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെ മറുപടി നൽകിയത് ചൂണ്ടിക്കാട്ടി എറണാകുളം എം.എൽ.എ ഹൈബി ഈഡനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.
നിയമസഭയിലെ മറുപടിക്ക് ഫേസ്ബുക്കിലൂടെയല്ല മന്ത്രി വ്യക്തത വരുത്തേണ്ടത്. സഭയിലെ മറുപടി അപൂർണമാണെന്നതിനുള്ള തെളിവാണിതെന്നും ചട്ടം 185 പ്രകാരമുള്ള നോട്ടീസിൽ ഹൈബി ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിന് മന്ത്രി നല്‍കിയ പരിഹാസം കലര്‍ന്ന മറുപടിയാണ് വിമര്‍ശം വരുത്തിവെച്ചത്.
പരാമര്‍ശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എ.കെ. ബാലന്‍ രംഗത്തെത്തി. ‘വിമര്‍ശിക്കാം, അപമാനിക്കരുത്’ തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം. ആദ്യം ആരും അത്ര പ്രാധാന്യം നല്‍കാതെപോയ ഒരു പരാമര്‍ശം, ചില ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളുടെ ചുവടുപിടിച്ച് മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തത് തനിക്കെതിരായ ബോധപൂര്‍വനീക്കത്തിന്‍െറ ഭാഗമാണെന്ന് അദ്ദേഹം കുറിച്ചു.
തന്‍െറ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച്, ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നശേഷം നടത്തിയ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചാരണത്തില്‍ വീഴില്ല. ഏകപക്ഷീയമായി കേട്ടുംവായിച്ചും ചില സുഹൃത്തുക്കള്‍ പ്രതികരിക്കുന്നത് വേദനജനകമാണെന്നും മന്ത്രി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.