ഇതുപോലെ ചീഞ്ഞുനാറിയ ഗവർണർ വേറെയില്ല -എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: ഇതുപോലെ ചീഞ്ഞുനാറിയ ഗവർണർ വേറെയില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. സർവകലാശാലകളെ കാവിവത്കരിക്കുന്നതിനെതിരെ അധ്യാപകരും ജീവനക്കാരും നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണർ, ചാൻസലർ പദവികൾ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടന വിരുദ്ധമായ രീതിയിൽ ഉപയോഗിക്കുകയാണ്. നിയമമുണ്ടാക്കാനുള്ള സഭയെ അതിന് അനുവദിച്ചില്ലെങ്കിൽ എങ്ങനെ നിയമനിർമാണ സഭയെന്ന് പറയാനാവും. ഭരണഘടന തത്വങ്ങൾ ബാധകമല്ലെന്ന നിലയിലാണ് ഗവർണറുടെ പ്രവർത്തനം.
എസ്.എഫ്.ഐക്കാർ റൗഡികളാണെന്നാണ് ഗവർണർ പറയുന്നത്. നിലപാടിന്റെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ സമരം നടത്തുന്നത്. വിവിധ പാർട്ടികൾ കടന്ന് ബി.ജെ.പിയിലെത്തിയപോലെ അവസരവാദ നിലപാട് ഞങ്ങൾക്കില്ലെന്നും ബാലൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ, ഡോ. നസീബ്, ഹരിലാൽ, ജുനൈദ്, മുഹമ്മദ് വഹാബ്, ബിജു തുടങ്ങിയവർ സംസാരിച്ചു. എൻ.ജി.ഒ യൂനിയൻ, എ.കെ.പി.സി.ടിഎ, എ.കെ.ജി.സി.ടി, കെ.യു.ടി.എ, കെ.എസ്.ടി.എ, യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ, കെ.ജി.ഒ.എ, കെ.എൻ.ടി.ഇ.ഒ, എസ്.എഫ്.സി.ടി.എസ്.എ സംഘടനകൾ ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്.
സംഘ്പരിവാർ അജണ്ട നടപ്പാക്കുന്ന ഗവർണർക്കെതിരെ സമരം വ്യാപിപ്പിക്കും -പി.എം. ആർഷോ
തേഞ്ഞിപ്പലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സമരം വ്യാപിപ്പിക്കുമെന്നും സംഘ്പരിവാർ അജണ്ട നടപ്പാക്കുന്ന ഗവർണറുടെ രാഷ്ട്രീയത്തിന് കേരളമണ്ണിൽ കാലുകുത്താൻ ഇടം നൽകില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിക്കുന്ന സർവകലാശാല ഗസ്റ്റ് ഹൗസ് ഉപരോധിച്ച് എസ്.എഫ്.ഐ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർഷോ. സെനറ്റിലേക്ക് ആർ.എസ്.എസ് അനുഭാവികളെയും യു.ഡി.എഫ് പ്രതിനിധികളെയും നാമനിർദേശം ചെയ്യാൻ ഗവർണർക്ക് ഏത് കേന്ദ്രത്തിൽനിന്നാണ് ലിസ്റ്റ് കിട്ടിയത്. കാലഘട്ടത്തിന് അനിവാര്യമായ ഈ സമരത്തോടൊപ്പം നിൽക്കാത്ത എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ആരുടെ കൂടെയാണെന്ന് ആർഷോ ചോദിച്ചു. ഇനിയുള്ള ദിവസങ്ങളിൽ കിടന്നുറങ്ങുന്ന ഓരോ നാഴികയിലും ഗവർണർക്ക് എസ്.എഫ്.ഐയുടെ പ്രതിഷേധ മുദ്രാവാക്യങ്ങൾ കേൾക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.