എൻ.എസ്.എസ് അനധികൃതമായി കൈവശം വെച്ച ഗണപതി ഭഗവാന്റെ ക്ഷേത്രത്തിന്‍റെ 68 ഏക്കർ സ്ഥലം വിട്ടുകൊടുക്കണം -എ.കെ. ബാലൻ
text_fieldsതിരുവനന്തപുരം: സ്പീക്കറുടെ ‘ഗണപതി മിത്ത്’ വിവാദത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് മറുപടിയുമായി മുൻമന്ത്രി എ.കെ. ബാലൻ. ‘ഗണപതി ഭഗവാൻ മുഖ്യ ആരാധന മൂർത്തിയായ പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ ഭാഗമായ 68 ഏക്കർ സ്ഥലം അനധികൃതമായി എൻ.എസ്.എസ് കൈവശം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ട്. സുകുമാരൻ നായർ ആദ്യം ചെയ്യേണ്ടത് ക്ഷേത്രത്തിന് അവകാശപ്പെട്ട സ്വത്ത് വിട്ടുകൊടുക്കുകയാണ്’ -എ.കെ. ബാലൻ പറഞ്ഞു.
സുകുമാരൻ നായരുടെ നിലപാടിനോട് പൊതുസമൂഹം യോജിക്കുന്നില്ല. വിശ്വാസികളെ തന്‍റെ കൂടെ നിർത്തി, ഇതിൽ പ്രതികരിക്കാൻ പറ്റുമോ എന്ന വഴിവിട്ട മാർഗത്തിലാണ് അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നത്. ഇങ്ങനെയുള്ളവരുടെ കൈയും കാലും പിടിച്ചിട്ടല്ല, എനിക്കെന്തെങ്കിലും തരത്തിലുള്ള മേൽവിലാസമുണ്ടായത്. പാവപ്പെട്ട പിന്നാക്ക ജനതയുടെ അംഗീകാരത്തോടുകൂടി കിട്ടിയ മേൽവിലാസമാണ്. എ.കെ. ബാലൻ പറയുന്നത് ആര് കേൾക്കാനാണ് എന്നൊക്കെ ചോദിക്കുമ്പോൾ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് കൃത്യമായി അറിയാം. പരസ്യമായി പറഞ്ഞാൽ ബാലിശമായിപ്പോകുമെന്നതിനാൽ അതിന് മുതിരുന്നില്ല. എന്തായാലും അതിങ്ങോട്ടേക്ക് വേണ്ട -ബാലൻ പറഞ്ഞു.
‘അദ്ദേഹത്തിന്‍റെ സാമുദായിക -സാമ്പത്തിക പാരമ്പര്യം എന്നതിനോട് ഒരിക്കലും ഞാനെത്തില്ല. ഞാൻ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം നിർബന്ധിതനാകും. എൻ.എസ്.എസ് സ്ഥാപനങ്ങളിലെ നിയമനം മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണോ. സാമൂഹിക നീതിക്കുവേണ്ടി പറയുന്ന സുകുമാർ നായർക്ക് സ്വന്തം സമുദായത്തിലെ പാവപ്പെട്ടവർക്ക് അനുകൂലമായ വിധിയുമായി ബന്ധപ്പെട്ട് അത് നടപ്പാക്കാൻ കഴിയുന്നുണ്ടോ?’ -ബാലൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.