സന്ദീപിനെ ക്രിസ്റ്റല്‍ ക്ലിയർ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് എ.കെ. ബാലൻ; ‘അറേബ്യയിലെ എല്ലാ സുഗന്ധമുപയോഗിച്ചാലും കറപുരണ്ട ഈ കൈ ശുദ്ധമാകില്ല’
text_fieldsപാലക്കാട്: കോൺഗ്രസ് -ആർ.എസ്.എസ് അവിശുദ്ധ കൂട്ടുകെട്ട് പ്രകടമാണെന്നും അതിന്റെ ഭാഗമായാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയതെന്നും സി.പി.എം നേതാവ് എ.കെ. ബാലൻ. സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ലിയർ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അറേബ്യയിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് കഴുകിയാലും ഈ കറപുരണ്ട കൈകൾ ഒരു രൂപത്തിലും ശുദ്ധമാകില്ല. ഇതിന്റെ തെളിവാണ് ഞങ്ങൾക്കൊന്നും സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും മതന്യൂനപക്ഷങ്ങളുടെ ഇടയിൽ വളരെ വികാര വായ്പോടെയുള്ള സ്വീകാര്യത ഇടതുപക്ഷത്തിന് ലഭിച്ചത് -ബാലൻ പറഞ്ഞു.
‘ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് പി.സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നു. അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ല. വിഷലിപ്തമായ കാര്യങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്. സന്ദീപിന്‍റെ കോൺഗ്രസ് പ്രവേശനത്തിൽ ആർഎസ്എസ് ഒരക്ഷരം പോലും പറയുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലും സന്ദീപ് വാര്യരും നടത്തിയ ഗൂഡാലോചന കേരളീയ പൊതുസമൂഹവും ഈ മണ്ഡലത്തിലെ ജനതയും തിരിച്ചറിയുകയാണ്’ -അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെതിരെയാണ് എ.കെ. ബാലന്റെ പ്രതികരണം.
അതേസമയം, ഈ മാസം തുടക്കത്തിൽ സന്ദീപ് വാര്യർ ബി.ജെ.പി വിട്ടേക്കുമെന്ന് അഭ്യൂഹമുയർന്നപ്പോൾ ബാലൻ, മന്ത്രി എം.ബി. രാജേഷ് അടക്കമുള്ള സി.പി.എം നേതാക്കൾ അദ്ദേഹത്തെ സി.പി.എമ്മിലേക്ക് ക്ഷണിച്ച് രംഗത്തെത്തിയിരുന്നു. സന്ദീപ് ക്രിസ്റ്റൽ ക്ലിയറാകുമെന്നും നമ്പർ വൺ കൊമ്രേഡ് ആകുമെന്നും അദ്ദേഹം മുൻപ് പറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നുമാണ് എ.കെ. ബാലൻ അന്ന് പറഞ്ഞത്. ബി.ജെ.പി വിട്ട് വന്നാൽ സ്വീകരിക്കുമെന്നും മറ്റ് രാഷ്ട്രീയപാർട്ടികളിൽ നിന്ന് എത്രയോ പേരെ സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും ബാലൻ പറഞ്ഞിരുന്നു.
‘മുൻകാലങ്ങളിൽ മറ്റ് നേതാക്കൾക്കെതിരെ ഞങ്ങളൊക്കെ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എന്നത് അതതു കാലഘട്ടത്തിലെ വസ്തുനിഷ്ഠമായ നിലപാടുകളെ അപഗ്രഥിച്ചിട്ട് എടുക്കുന്ന നിലപാടുകളാണ്. ആരെയും പാർട്ടിയിലെത്തിക്കാൻ ചൂണ്ടയിടുന്ന ആളൊന്നുമല്ല ഞാൻ. ബുദ്ധിയില്ലാത്ത ആർ.എസ്.എസുകാരനല്ല സന്ദീപ് വാര്യർ. അദ്ദേഹത്തിന്റെ നിലപാടിൽ പോലും മാറ്റം വരുന്നു എന്നത് അത്ഭുതത്തോടെയാണ് കാണുന്നത്. സന്ദീപ് വാര്യരെ പോലുള്ളവരെ എത്രകാലമാണ് ഒതുക്കി നിർത്തുക. കെ. കരുണാകരനെ കരിങ്കാലി എന്ന് വിളിച്ചവരാണ് ഞങ്ങൾ. അദ്ദേഹം പോലും ഞങ്ങൾക്ക് ഒപ്പം വന്നു. എ.കെ. ആന്റണി എ.കെ.ജി സെന്ററിൽ വന്ന് കൂടെയിരുന്ന് ഭരിച്ചിട്ടുണ്ട്. കുഞ്ഞാലിയുടെ കൊലപാതകിക്ക് സി.പി.എം വോട്ട് ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്’ -സന്ദീപിനെ സി.പി.എമ്മിൽ എടുക്കുമെന്ന സൂചന നൽകി എ.കെ. ബാലൻ രണ്ടാഴ്ച മുമ്പ് പറഞ്ഞതാണിത്. എന്നാൽ, സന്ദീപ് സി.പി.എമ്മിൽ ചേരാതെ കോൺഗ്രസിൽ ചേർന്നതോടെ ഈ പറഞ്ഞതെല്ലാം വിഴുങ്ങി ബാലൻ നിലപാടിൽ മലക്കം മറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.