മാസപ്പടി വിവാദം; കുഴൽനാടൻ മാപ്പ് പറയണമെന്ന് എ.കെ. ബാലൻ
text_fieldsപാലക്കാട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. എക്‌സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ വീണ നികുതിയടച്ചിട്ടുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും വീണയെ പ്രതിക്കൂട്ടിൽ നിർത്തിയതിന് മാത്യു മാപ്പ് പറയണമെന്നും ബാലൻ ആവശ്യപ്പെട്ടു.
വീണ ജി.എസ്.ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴല്‍നാടനെന്ന് ബാലൻ പറഞ്ഞു. മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്‍റെ വിശ്വാസ്യത കൂട്ടുക. എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത് -ബാലൻ പറഞ്ഞു.
അതേസമയം വീണയ്‌ക്കെതിരായ ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എ പ്രതികരിച്ചത്. താൻ ഉടൻ തന്നെ വിശദമായ മറുപടി നൽകുമെന്നും അത് കേട്ട ശേഷം മാപ്പ് പറയണോ വേണ്ടയോ എന്ന് പൊതുസമൂഹം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയന്റെ കമ്പനി സി.എം.ആർ.എല്ലിൽ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് ധനവകുപ്പ് വിശദീകരണം നൽകിയിരുന്നു. വീണ വിജയന്റെ എക്സാലോജിക് കമ്പനിയാണ് പണം കൈപ്പറ്റിയത്. ഈ തുകക്കുള്ള ഐ.ജി.എസ്.ടി കമ്പനി അടച്ചുവെന്ന വിശദീകരണമാണ് പുറത്ത് വന്നത്. ജി.എസ്.ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.