ചെത്ത് തൊഴിലാളിയുടെ മകനാകുന്നത് തെറ്റാണോ? സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണെന്ന് എ.കെ ബാലൻ
text_fieldsതിരുവനന്തപുരം: പിണറായി വിജയന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായത് തെറ്റാണോ എന്ന് മന്ത്രി എ.കെ ബാലന്‍. ചെത്തുകാരന്‍റെ മകൻ ഹെലികോപ്റ്ററില്‍ സഞ്ചരിക്കാന്‍ പാടില്ല എന്നത് അധമബോധമാണ്. സുധാകരനെ കോൺഗ്രസുകാർ തിരുത്തണമെന്നും എ. കെ ബാലൻ പറഞ്ഞു.
തൊഴിലാളി വര്‍ഗ്ഗത്തിലാണ് ജനിച്ചത് എന്നതിൽ ഞങ്ങള്‍ക്ക് യാതൊരു അഭിമാനക്ഷതവുമില്ല. അഭിമാനമേയുള്ളൂ. കേരളത്തിലെ ചെത്തുതൊഴിലാളി എന്ന് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമാണെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.
സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണ്. അതെനിക്കറിയാം. ഞാന്‍ അക്കാര്യത്തിലേക്ക് കടക്കാന്‍ പാടില്ല. ബ്രണ്ണന്‍ കോളേജില്‍ നിന്ന് സഖാവ് പിണറായി വിജയന്‍ പിരിയുമ്പോഴാണ് ഞാന്‍ ബ്രണ്ണനില്‍ ചേരുന്നത്.
അവിടെ എന്‍റെ സീനിയറായി പഠിച്ചയാളാണ് സുധാകരന്‍. പലപ്പോഴും സമരവുമായി ബന്ധപ്പെട്ട് പിണറായി ബ്രണ്ണന്‍ കോളേജില്‍ വരാറുണ്ടായിരുന്നു. ആ ഒരോര്‍മ്മ സുധാകരന് ഉള്ളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായി വിജയനോട് അദ്ദേഹത്തിനുണ്ട്. പിന്നെ സുധാകരനെ കാണുമ്പോള്‍ മുട്ട് വിറക്കുന്ന ചില കോണ്‍ഗ്രസുകാരുണ്ട്. അപ്പോ പിന്നെ അദ്ദേഹത്തിന്‍റെ കൂടെ ഹലേലൂയ പാടിയിട്ട് പോകും- എ. കെ. ബാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.