എ.ഐ കാമറ അഴിമതി: മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസ്സില്ല -എ.കെ ബാലൻ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മുഖ്യമന്ത്രിക്ക് മറുപടി പറയാൻ മനസ്സില്ലെന്നും പരാതി നൽകേണ്ടവർക്ക് പരാതി കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
വരേണ്ടതൊക്കെ വരട്ടെ. ഓരോ ദിവസവും ഓരോന്ന് പറയിപ്പിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ഏതെങ്കിലും ആരോപണം തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറഞ്ഞാൽ നടക്കില്ല. നിയമപരമായി പറയേണ്ടത് നിയമപരമായി പറയും. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് അഭിപ്രായം പറയുക. അദ്ദേഹത്തിന്‍റെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു കാര്യത്തിൽ അദ്ദേഹം അഭിപ്രായം പറയുക തെറ്റാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മറുപടി പറഞ്ഞാൽ ഉടൻ മുഖ്യമന്ത്രി ഇടപെട്ടെന്നും രാജിവെക്കണമെന്ന് പറയും. മറുപടി പറഞ്ഞില്ലെങ്കിൽ നിശബ്ദനായിരിക്കുന്നത് എന്തോ ഒളിച്ചുവെക്കാനാണെന്ന് പറയുമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, എ.കെ ബാലന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഏത് വിജിലൻസ് അന്വേഷണത്തെക്കുറിച്ചാണ് എ.കെ ബാലൻ പറയുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എ.ഐ കാമറ കരാറുമായി ബന്ധപ്പെട്ട് ഒരു വിജിലൻസ് അന്വേഷണവും നടക്കുന്നില്ല. നടക്കുന്നത് ട്രാൻസ്പോർട്ട് കമ്മീഷ്ണർക്കെതിരെ ആരോ കൊടുത്ത പരാതിയിലാണ്. ആളുകളെ പൊട്ടൻമാരാക്കരുത്. ആളുകളുടെ ബുദ്ധിയെ പരീക്ഷിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.