കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടത് അസാധാരണം -മന്ത്രി ശശീന്ദ്രൻ; ‘ജനങ്ങളുടെ പ്രതികരണങ്ങൾ സ്വാഭാവികം’
text_fieldsകോഴിക്കോട്: ഇന്നലെ ആറളം ഫാം 13ാം ബ്ലോക്കിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടത് അസാധാരണവും ദൗർഭാഗ്യകരവുമായ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണങ്ങൾ സ്വാഭാവികമാണ്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾ തടയാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. നടപടികൾ പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അടിക്കാട് വെട്ടൽ, ആനമതിൽക്കെട്ട് തുടങ്ങിയ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവ ഉടൻ പൂർത്തീകരിച്ച് വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 13ാം ബ്ലോക്ക് കരിക്കിൻമുക്ക് ആർ.ആർ.ടി ഓഫിസിന് സമീപമായിരുന്നു സംഭവം. മൃതദേഹങ്ങൾ കാട്ടാന ചവിട്ടിയരച്ചനിലയിലായിരുന്നു. ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിന് സമീപത്തെ രക്തം കട്ടപിടിച്ച് ഉണങ്ങിയ നിലയിലായിരുന്നു. ഏറെവൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ബന്ധുക്കൾ തേടിയിറങ്ങിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.
കശുവണ്ടി ശേഖരിച്ച് വിറകുകെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയിൽ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് നിന്നിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ആറളം ഫാമിൽ ഏതാനും വർഷങ്ങൾക്കിടെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.