2.89 ലക്ഷം ഏക്കർ വനഭൂമി 1950-നും 1980നും ഇടയിൽ വെട്ടിത്തെളിച്ചുവെന്ന് എ.കെ ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം : സംസ്ഥാനത്ത് 2.89 ലക്ഷം (289113) ഏക്കർ സ്വഭാവിക വനഭൂമി 1950-നും 1980നും ഇടയിൽ വെട്ടിത്തെളിച്ചുവെന്ന് എ.കെ ശശീന്ദ്രൻ. വ്യാവസായിക വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 1950-കൾ മുതൽ 1980-കളുടെ തുടക്കം വരെ കേരളത്തിലെ ജൈവസമ്പന്നമായിരുന്ന സ്വാഭാവിക വനങ്ങളാണ് വെട്ടിത്തെളിച്ചത്.
യൂക്കാലിപ്റ്റ്സ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചു. ഏതാണ്ട് 66,718 ഏക്കർ(27,000 ഹെക്ടർ) വിദേശ ഏകവിളത്തോട്ടങ്ങളും, 2.22 ലക്ഷം ഏക്കർ (90,000 ഹെക്ടർ) തേക്ക് തോട്ടങ്ങളുമാണ് കേരളത്തിലെ വനഭൂമിയിൽ നിലവിലുള്ളത്. പാരിസ്ഥിതിക-ജല സുരക്ഷ മുൻനിർത്തി പരിസ്ഥിതി പുന:സ്ഥാപന പ്രക്രിയകൾ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യകതയാണ്.
നമ്മുടെ മണ്ണിന് അനുയോജ്യമല്ലാത്ത സസ്യങ്ങളുടെ കടന്നുകയറ്റവും സ്വാഭാവിക വനങ്ങളുടെ ശോഷണത്തിന് കാരണമായി. വന്യജീവികളുടെ ആവാസവ്യവസ്ഥക്ക് ശോഷണം സംഭവിച്ചതിനാൽ ജനവാസമേഖലകളേയും, കൃഷിയിടങ്ങളേയും ഭക്ഷണാവശ്യങ്ങൾക്കായി ആശ്രയിക്കാൻ വന്യമൃഗങ്ങൾ പ്രേരിതരാകുന്നു. ഇത് മനുഷ്യ-വന്യമൃഗ സംഘർഷത്തിന് ആക്കം കൂട്ടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
അധിനിവേശ സസ്യജാലങ്ങൾ കേരളത്തിന്റെ ആവാസവ്യവസ്ഥക്ക് ഗുരുതരമായ കോട്ടം വരുത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉളവാക്കുന്ന ഇത്തരം അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്ത് വനത്തിനകത്ത് മുളയുൾപ്പെടെയുള്ള തദ്ദേശീയ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുള്ള ഏകവിള തോട്ടങ്ങൾ വർക്കിങ് പ്ലാൻ വ്യവസ്ഥക്ക് വിധേയമായി ഘട്ടംഘട്ടമായി സ്വാഭാവിക വനങ്ങളായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
സ്വാഭാവിക വനങ്ങൾക്ക് ഭീഷണിയായ മഞ്ഞക്കൊന്ന (സെന്ന) ഇനത്തിൽപ്പെട്ട് അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം ചെയ്യുന്നതിനായി മഞ്ഞക്കൊന്ന നിർമാർജനം ചെയ്യുന്നതിനും നടപടി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.