വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് 320 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. വന്യജീവി സങ്കേതത്തിന് അകത്തുള്ള 14 സെറ്റിൽമെന്റുകളിലായി 645 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തിൽ സ്വയം സന്നദ്ധ പുന:രധിവാസ പദ്ധതിയിൽ വനം വകുപ്പിൻ്റെ ഫീൽഡ് വെരിഫിക്കേഷൻ പ്രകാരം കണ്ടെത്തിയത്. അതിൽ ചെട്ട്യാലത്തൂർ സെറ്റിൽമെന്റിലെ ഒരാളുടെ അപേക്ഷ 2018 ഏപ്രിൽ 27 നു ചേർന്ന ജില്ലാതല നടത്തിപ്പ് സമിതി യോഗ തീരുമാന പ്രകാരം നിരാകരിച്ചു.
പങ്കളം സെറ്റിൽമെന്റിലെ ഒരു അപേക്ഷകൻ 2020 ജനുവരിയിൽ മരണപ്പെട്ടു. അതിനാൽ നിലവിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ആകെ കുടുംബങ്ങളുടെ എണ്ണം 643 ആയി. അതിൽ 320 കുടുംബങ്ങൾ ഈ പദ്ധതി മുഖേന സെറ്റിൽമെന്റ്റിൽ നിന്നും വനത്തിന് പുറത്തേക്ക് മാറ്റി പാർപ്പിച്ചു. 11 സെറ്റിൽമെന്റുകളിലെ 422 കുടുംബങ്ങൾക്ക് ധനസഹായതുക അനുവദിച്ചു.
ബാക്കിയുള്ള 102 കുടുംബങ്ങളിൽ പങ്കളം സെറ്റിൽമെന്റ്റിലെ 13 കുടുംബങ്ങൾക്കും,, ചെട്ടിയാലത്തൂർ സെറ്റിൽമെന്റിലെ 55 കുടുംബങ്ങൾക്കും ഭൂമി കണ്ടെത്തണം. കുറിച്യാട് സെറ്റിൽമെൻറിലെ 34 കുടുംബങ്ങളിലെ 21 പേർക്ക് ഭൂമി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. 13 പേരുടെ രജിസ്ട്രേഷൻ പൂർത്തിയായെങ്കിലും അവർ മാറിത്താമസിക്കാനുണ്ട്.
കോളോട് സെറ്റിൽമെൻറിൽ 15 കുടുംബങ്ങളാണുള്ളത്. സ്വയം സന്നദ്ധ പുരനധിവാസത്തിന് ഇവരുടെ സമ്മതം അറിയിച്ച് ഗ്രാമസഭ പ്രമേയം പാസാക്കിയിട്ടില്ല. കോളോട് സെറ്റിൽമെന്റ്റിനെ ഒഴിവാക്കി ബാക്കിയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനു 2023 ജൂൺ മാസത്തിൽ സമർപ്പിച്ച പ്രൊപ്പോസൽ പ്രകാരം ഈ കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്യുന്നതിനായി 36.90 കോടി രൂപയുടെ (60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും) ഭരണാനുമതി നൽകി.
അതനുസരിച്ച് 2023- 24 സാമ്പത്തിക വർഷത്തിൽ ഒരു ഗഡുവായി 9.22 കോടി രൂപ അനുവദിച്ചു. ഈ തുകയിൽനിന്നും 2023-24 സാമ്പത്തിക വർഷത്തിൽ പങ്കളം സെറ്റിൽമെന്റിലെ 13 കുടുംബങ്ങൾക്കും, ചെട്ട്യാലത്തൂർ സെറ്റിൽമെന്റിലെ 25 കുടുംബങ്ങൾക്കും 5.70 കോടി രൂപ ധനസഹായം അനുവദിച്ചു.
ബാക്കിയുള്ള 3.52 കോടി രൂപ മണിമുണ്ടയിലെ 116 അപേക്ഷകരിൽ നിന്നും 23 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നൽകുന്നതിന് തീരുമാനിച്ചു. കോളോട്ട് സെറ്റിൽമെന്റിനെ ഒഴിവാക്കി മണിമുണ്ടയിലെ 23 കുടുംബങ്ങളെയും ഉൾപ്പെടുത്തിയും ഇനി ധനസഹായം അനുവദിക്കുന്നതിന് ബാക്കിയുള്ളത് 260 കുടുംബങ്ങളാണെന്നും മന്ത്രി രേഖാമൂലം ഐ.സി.ബാലകൃഷ്ണന് നിയമസഭയിൽ മറുപടി നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.