വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാന്‍ നിയമ ഭേദഗതി ആലോചനയിലെന്ന് എ.കെ ശശീന്ദ്രന്‍
text_fieldsതൃശൂര്‍: വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമാകുന്നത് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ .വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വന്യജീവി ആക്രമണം തടയാന്‍ വേണ്ട നിലപാടുകള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റും. മനുഷ്യ- വന്യജീവി സംരക്ഷണം ഒരേപോലെ ഫലപ്രദമായി നടപ്പിലാക്കും. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കി.മീ അധികം ദൂരത്തില്‍ ഹാംഗിങ് ഫെന്‍സിങ് സ്ഥാപിക്കാന്‍ അനുവാദം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ മുഴുവന്‍ ടൂറിസം സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. തൃശ്ശൂര്‍ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പള്ളി വാഴച്ചാല്‍ മേഖലകളിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ അനുവദിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാര്‍ക്കിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് വനം വകുപ്പ് തയാറാക്കിക്കഴിഞ്ഞു.വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലെത്തിക്കുകയെന്ന ആശയവുമായി തൃശൂര്‍ നഗരത്തില്‍ ഫോറസ്റ്റ് കോംപ്ലക്സ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാടിന്റെ വികസനത്തിനും പുരോഗതിക്കായുമുള്ള പരമാവധി ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് വനത്തിലേക്ക് വിടാന്‍ കഴിയാതെ പരിപാലിക്കുന്ന മൃഗങ്ങളെ അടക്കം ഇനി പുത്തൂരിലേക്ക് എത്തിക്കുമെന്നും പുത്തൂര്‍ ഒരു ലോകോത്തര ടൂറിസ്റ്റ് വില്ലേജായി മാറുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനത്തിന് ഇനിയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ സബ്സ്റ്റേഷന്റെ ഉദ്ഘാടനത്തിനും സ്വിച്ചോണ്‍ കർമത്തിനും ശേഷം ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
തൃശൂരിന് പുതിയ ഛായ പകരുന്നതാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ വരവെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണന്‍ ചടങ്ങില്‍ ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ചടങ്ങിനോടനുബന്ധിച്ച് മന്ത്രിമാര്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തൃശൂര്‍ മൃഗശാലയില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിച്ച മയിലുകളെ മന്ത്രിമാരായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ ചേര്‍ന്ന് തുറന്നുവിട്ടു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്രയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.