കടുവകൾ കാടിറങ്ങുന്നത് കാടിന്‍റെ സന്തുലിതാവസ്ഥയിലുള്ള മാറ്റമാണെന്ന് എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: കടുവകൾ കാടിറങ്ങുന്നത് കാടിന്റെ സന്തുലിതാവസ്ഥയിൽ സംഭവിക്കുന്ന മാറ്റമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വനം പോലുള്ള ആവാസവ്യവസ്ഥക്ക് അതിന്റേതായ സന്തുലിതാവസ്ഥ നിലവിലുണ്ട്. ഈ ആവാസവ്യവസ്ഥയിലെ ആഹാര ശൃംഖലയിലാണ് സസ്യങ്ങളും സസ്യഭുക്കുകളും മാംസഭുക്കുകളുമായ വന്യമൃഗങ്ങൾ സഹവസിക്കുന്നതെന്നും രേഖാമൂലം നിയമസഭയെ മന്ത്രി അറിയിച്ചു.
സസ്യഭുക്കുകളുടെ എണ്ണത്തിന് പുല്ല് ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ സാന്ദ്രതയുമായി ബന്ധമുണ്ട്. സസ്യഭുക്കുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അവയെ ഭക്ഷിച്ച് ജീവിക്കുന്ന മാംസഭുക്കുകളുടെയും എണ്ണം ആനുപാതികമായി കൂടും. സസ്യഭുക്കുകളുടെ എണ്ണം കുറയുന്നതും അതുവഴി ഈ സസ്യഭുക്കുകളെ ഭക്ഷിച്ചു മാംസഭുക്കുകളായ വന്യമൃഗങ്ങളുടെ എണ്ണത്തിലും വ്യതിയാനുമുണ്ടാക്കും. എണ്ണത്തിലുള്ള പാരസ്പര്യം ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായിതളിയിക്കപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ വനഭൂമിയിൽ 2023- ലെ കടുവകളുടെ കണക്കെടുപ്പിൽ 84 കടുവകളെയാണ് കണ്ടെത്തിയത്. വയനാട് ലാൻറ്സ്കേപ്പിൽ കടുവകളുടെ സാന്ദ്രത നിലവിൽ ഓരോ 100 ചതുരശ്ര കിലോമീറ്ററിനും 7.7 ആണ്. ഇത് 2018-ൽ രേഖപ്പെടുത്തിയ കടുവകളുടെ സാന്ദ്രതയെക്കാൾ കുറവാണ്. 2018-ലെ കണക്കെടുപ്പിൽ 120 കടുവകളെയാണ് വയനാട് ലാൻറ്സ്കേപ്പിൽ കണ്ടെത്തിയത്. 2023 ലെ കണക്കെടുപ്പിൽ കണ്ടെത്തിയ 84 കടുവകളിൽ 45 എണ്ണം (54 ശതമാനം) മുൻകാലങ്ങളിൽ (2016, 2018, 2022) ലഭിച്ചതും 39 (46 ശതമാനം) ഇതുവരെ കാമറ ട്രാപ്പുകളിൽ ലഭിക്കാതിരുന്നവയുമാണ്.
വയനാട് ലാൻറ്സ്കേപ്പ് കർണ്ണാടക സംസ്ഥാനത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ, ബി.ആർ.ടി എന്നീ സംരക്ഷിത മേഖലകളും തമിഴ്നാട്ടിലെ മുതുമലൈ, സത്യമംഗലം എന്നീ സംരക്ഷിത മേഖലകളും ഉൾപ്പെട്ട വലിയൊരു ലാൻറ്സ്കേപ്പിന്റെ ഭാഗമാണ്. അതിനാൽ കടുവകളുടെ അന്തർ സംസ്ഥാന സഞ്ചാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിന് അനുസരിച്ച് അവയുടെ കണക്കെടുപ്പിൽ വ്യതിയാനങ്ങൾ സംഭവിക്കാം.
2022-ൽ അഖിലേന്ത്യാതലത്തിൽ നടന്ന കടുവകളുടെ കണക്കെടുപ്പിന്റെ സംക്ഷിപ്ത സംക്ഷിപ്ത റിപ്പോർട്ട് ഇത് ശരിവെക്കുന്നു. 2022-ലെ കണക്ക് പ്രകാരം നാഗർഹോളയിലെയും, ബന്ദിപ്പൂരിലെയും കടുവകളുടെ എണ്ണം കൂടി. എന്നാൽ അതേ ലാൻറ്സ്കേപ്പിന്റെ ഭാഗമായ വയനാട് ലാൻറ്സ്കേപ്പിൽ കടുവകളുടെ എണ്ണം കുറഞ്ഞുവെന്നും രേഖപ്പെടുത്തി. വയനാട്ടിൽ ജനവാസ മേഖലകളിൽ കടുവയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്ത എല്ലാ സ്ഥലങ്ങളിലും കൃത്യമായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചുകൊണ്ടുതന്നെ കടുവയെ നിരൂക്ഷിക്കുന്നതിനായി കാമറകൾ സ്ഥാപിച്ചുവെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.