വനം വകുപ്പ് വലിയ മാറ്റത്തിന്റെ പാതയിലെന്ന് എ.കെ ശശീന്ദ്രൻ
text_fieldsകൊച്ചി: വനം വകുപ്പ് വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പുതിയതായി നിർമിച്ച തലക്കോട് സംയോജിത (ഇന്റഗ്രേറ്റഡ്) ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം വകുപ്പമായി ബന്ധപ്പെടുക, സേവനങ്ങൾ തേടുക, ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഒരു ബാലികേറാ മലയായിട്ടാണ് പലരും കരുതിയിരുന്നത്. ആ ധാരണ മാറ്റി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മുൻപോട്ട് പോകുകയാണ് സർക്കാർ.
കാടിനെ കാക്കാം നാടിനെ കേൾക്കാം എന്ന സന്ദേശത്തോടെ സംസ്ഥാനത്തിന്റെ 21 കേന്ദ്രങ്ങളിലായി നടത്തിയ വന സൗഹൃദ സദസുകൾ വലിയ വിജയമായിരുന്നു. വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതോടൊപ്പം ജനങ്ങളെയും ചേർത്തു നിർത്തുകയാണ് സർക്കാരിന്റെ നയം. വിവിധ ആവശ്യങ്ങൾക്കായി വനം വകുപ്പിനെ സമീപിക്കുന്ന ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. വനപാലകരും ജനങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ കൂടുതൽ ഇടപെടലുകളുണ്ടാകും. സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തിയാണ് തലക്കോട് ചെക്ക് പോസ്റ്റ് നാടിന് സമര്‍പ്പിച്ചത്. ആകെ 77.47 ലക്ഷം രൂപ ചെലവിൽ അത്യാധുനിക നിലവാരത്തിലാണ് സംയോജിത ചെക്ക് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇൻഫർമേഷൻ സെന്റർ, ഗാർഡ് റൂം, ഇക്കോ ഷോപ്പ് ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളാണ് ചെക്ക്പോസ്റ്റിൽ ക്രമീകരിച്ചിരിക്കുന്നത്. യാത്രികരെ സംബന്ധിച്ചടുത്തോളം ഏറെ ഉപകാരപ്രദമായ പദ്ധതികൂടിയാണിത്.
ചടങ്ങിൽ മറ്റ് വിവിധ ഫോറസ്റ്റ് റെയിഞ്ചുകളിലെ ഏഴ് പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു. കുമളി റെയിഞ്ചിലെ കമ്പംമെട്ട്, തൊടുപുഴ റെയിഞ്ചിലെ ഗുരുതിക്കുളം, മറയൂർ റെയിഞ്ചിലെ ചട്ടമൂന്നാർ, ഷോളയാർ റെയിഞ്ചിലെ മലക്കപ്പാറ ചെക്ക് പോസ്റ്റുകളും പാലോട് റെയിഞ്ചിലെ കല്ലാർ, ആര്യങ്കാവ് റെയിഞ്ചിലെ കോട്ടവാസൽ എന്നീ സംയോജിത ചെക്ക്പോസ്റ്റുകളും പാലോട് റെയിഞ്ചിൽ വരുന്ന പൊന്മുടിയിലെ ത്രീഡി തീയേറ്റർ പദ്ധതിയുമാണ് നാടിന് സമർപ്പിച്ചത്.
ചെക്ക് പോസ്റ്റ് അങ്കണത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ( എഫ്.ഐ.ടി) ചെയർമാൻ ആർ. അനിൽകുമാർ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയല്‍ തോമസ്, ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (കോട്ടയം) ആര്‍.എസ് അരുണ്‍,മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രമേശ് ബിഷ്‌ണോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം കണ്ണൻ, വാർഡ് മെമ്പർ സുഹറ ബഷീർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.