എ.കെ ശശീന്ദ്രൻ ഒഴിയും; തോമസ് കെ. തോമസ് മന്ത്രിയാകും
text_fieldsതിരുവനന്തപുരം: മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചതോടെ എൻ.സി.പിക്കുള്ളിലെ തർക്കത്തിന് പരിഹാരമായി. മുംബൈയിൽ എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ സമ്മതം അറിയിച്ചത്.
ശശീന്ദ്രൻ ഒഴിയുന്നതോടെ എൻ.സി.പി മുതിർന്ന നേതാവ് തോമസ്.കെ. തോമസ് വനം വകുപ്പ് മന്ത്രിയാകും. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും. അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മന്ത്രിസ്ഥാനമൊഴിയുന്ന എ.കെ. ശശീന്ദ്രന് എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകാനാണ് പാർട്ടിയുടെ തീരുമാനം. 2011 മുതൽ എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രൻ രണ്ടാം പിണറായി സർക്കാറിൽ വനം വന്യജീവി സംരക്ഷണ മന്ത്രിയായിരുന്നു.
മന്ത്രിസ്ഥാനം സംബന്ധിച്ച് എൻ.സി.പിയിലെ പടലപ്പിണക്കങ്ങൾ പലതവണ പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാമെന്ന ധാരണ ശശീന്ദ്രൻ ലംഘിച്ചുവെന്നാരോപിച്ചാണ് തോമസ് കെ. തോമസ് രംഗത്ത് വരുന്നത്. എന്നാൽ അങ്ങനെയൊരു ധാരണയേ ഇല്ലെന്നായിരുന്നു ശശീന്ദ്രന്റെ വാദം. മാത്രമല്ല, മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാൽ എം.എൽ.എ സ്ഥാനമൊഴിയുമെന്നും ശശീന്ദ്രൻ ഭീഷണി മുഴക്കുകയും ചെയ്തു.
അതേസമയം, കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം ഒഴിയാമെന്ന് കഴിഞ്ഞ ദിവസം ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിസ്ഥാനമൊഴിഞ്ഞാൽ സംസ്ഥാന പാർട്ടി അധ്യക്ഷ സ്ഥാനം ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.