ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം: ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനകാര്യത്തില്‍ സുപ്രീംകോടതിയില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. രാത്രികാലയാത്ര നിരോധനം പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും കേരളം പിന്‍മാറും. കേരള,കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം രാത്രികാലങ്ങളില്‍ കടത്തിവിടുന്ന രീതിയിലുള്ള ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനാണ് കേരളത്തിെൻറ ആലോചന.
ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈകോടതി വിധിക്കെതിരെ കേരളം സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്. ഇത് പ്രകാരം നിരോധനം സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തിനു പകരം നിയന്ത്രിതമായ തോതില്‍ രാത്രികാലങ്ങളിലും വാഹനങ്ങള്‍ കടത്തി വിടുന്ന രീതിയിലുള്ള നിർദേശമാണ് കേരളം അവതരിപ്പിക്കുക.നിലവില്‍ രണ്ട് സര്‍വീസുകള്‍ രാത്രികാലത്ത് അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ബദല്‍ നിർദേശം.
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് വ്യക്തമാക്കി കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രക്ക് സമാന്തര പാത ഉപയോഗിക്കണമെന്നും നിലവിലെ രാത്രിയാത്രാ നിരോധനം തുടരണമെന്നുമാണ് അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വനപാതയില്‍ കൂടി രാത്രിയില്‍ വാഹനങ്ങള്‍ പോകുന്നത് വന്യമൃഗങ്ങളുടെ ആവാസ്ഥവ്യവസ്ഥയെ ബാധിക്കുന്നുവെന്നും മൃഗങ്ങൾ വാഹനങ്ങളിടിച്ച് ചാകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രാത്രികാലയാത്ര നിരോധനത്തിന് എതിരായ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഇൗ നിലപാടും പുതിയ നീക്കത്തിന് കേരളത്തെ പ്രേരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.