എ.കെ ശശീന്ദ്രൻ: തുടർ യാത്ര
text_fieldsകോഴിക്കോട്: മാണി സി. കാപ്പന് പിന്നാലെ എൻ.സി.പിയിലെ മറ്റ് നേതാക്കളും യു.ഡി.എഫിലേക്ക് പോകാനൊരുങ്ങിയപ്പോഴും പിണറായിയിൽ വിശ്വാസമർപ്പിച്ച് എൽ.ഡി.എഫിൽ ഉറച്ചുനിന്നതാണ് എ.കെ. ശശീന്ദ്രൻ. അഞ്ചു വർഷം ഗതാഗത മന്ത്രിയായിരുന്ന ഇദ്ദേഹം മന്ത്രിപദവിയിൽ യാത്ര തുടരാനൊരുങ്ങുമ്പോൾ ഇതാദ്യമായി മൂന്നാമത്തെ മന്ത്രിയെയാണ് കോഴിക്കോടിന് കിട്ടിയത്. ശശീന്ദ്രന് ഗതാഗതമന്ത്രി സ്ഥാനത്ത് നല്ല പേരുണ്ടാക്കാനായിരുന്നില്ല. ഇ–ബസ് ഇടപാടുൾപ്പെടെ മന്ത്രി അറിഞ്ഞില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, വിവാദ ഫോൺ വിളിയിൽ കുടുങ്ങി സ്ഥാനംപോയി തിരിച്ചെത്തിയ എ.കെ. ശശീന്ദ്രന് ഇത്തവണ 38,502 എന്ന വമ്പൻ ഭൂരിപക്ഷമാണ് എലത്തൂരുകാർ സമ്മാനിച്ചത്.
സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരനടക്കം താൽപര്യമില്ലെങ്കിലും സി.പി.എം പുലർത്തുന്ന സ്നേഹമാണ് ഈ നേതാവിെൻറ സമകാലിക രാഷ്ട്രീയ ജീവിതത്തിന് തുണയാകുന്നത്. എൻ.സി.പിയുടെ അവസാനവാക്കായ ശരത് പവാറിെൻറയടക്കം പിന്തുണ സ്വന്തമാക്കിയാണ് മന്ത്രിപദത്തിലെത്തുന്നത്. 1946 ജനുവരി 29ന് ജനിച്ച ശശീന്ദ്രൻ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കോട്ടക്കൽ ആര്യവൈദ്യശാലയിൽനിന്ന് ഡി.എ.എം കോഴ്സ് പൂർത്തിയാക്കിയെങ്കിലും ആയുർവേദ ചികിത്സക്ക് മെനക്കെടാതെ രാഷ്ട്രീയത്തിൽ തുടരുകയായിരുന്നു.
1969 മുതൽ '80വരെ കെ.എസ്.യു സംസ്ഥാന നേതാവായി. സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പ്രസിഡൻറ് പദവികൾ വഹിച്ചു. ഇടതുപാളയത്തിലെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്നവരിൽ പലരും യു.ഡി.എഫിലേക്ക് തിരിച്ചുപോയപ്പോൾ ശശീന്ദ്രൻ ഇളകിയില്ല. കോൺഗ്രസ്–എസിലും തുടർന്ന് എൻ.സി.പിയിലും ഉറച്ചുനിന്ന് നാലു പതിറ്റാണ്ടായി എട്ടു തവണ മത്സരിച്ചു. ആറുവട്ടം ജയിച്ചു.
1980, 82, 2006, 2011, 2016, 2021 വർഷങ്ങളിൽ എം.എൽ.എയായി. എൻ.സി.പി പ്രവർത്തകസമിതി അംഗമായ ശശീന്ദ്രൻ 2016 മേയ് 25 മുതൽ 2017 മാർച്ച് 27വരെയാണ് ആദ്യതവണ മന്ത്രിയായത്. ഫോൺ വിളി വിവാദത്തിൽ കേസായതോടെ പടിയിറങ്ങേണ്ടിവന്നു. 2018 ഫെബ്രുവരി ഒന്നിന് മന്ത്രിപദവിയിൽ തിരിച്ചെത്തുകയായിരുന്നു. അനിതയാണ് ഭാര്യ. മകൻ: വരുൺ. മരുമകൾ: ഡോ. സോന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.