എ.കെ ശശീന്ദ്രൻ രാജിവെക്കണം, തയാറായില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രിസ്ഥാനത്തിരിക്കാൻ അദ്ദേഹം അർഹനല്ല. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന് സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നല്കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എ.കെ ശശീന്ദ്രന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
അതിനിടെ മന്ത്രിക്കെതിരേ ഗവർണർക്കും പോലീസിനും വനിതാ കമീഷനും പരാതി നൽകി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണ് ഗവർണർക്ക് പരാതി നൽകിയത്. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകണമെന്നാണ് വീണ ആവശ്യപ്പെട്ടിരിക്കുന്നത്. സമാനരീതിയിൽ പോലീസിനും വനിതാ കമീഷനും പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചി സെൻട്രൽ പോലീസിൽ യൂത്ത് ലീഗും പരാതി നൽകിയിട്ടുണ്ട്.
എൻ.സി.പി നേതാവിനെതിരെ യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചു എന്നാണ് ആരോപണം. 2017ൽ ഫോൺ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടിരുന്നു. പിന്നീട് പരാതിക്കാരി പിന്മാറിയതിനാൽ പത്ത് മാസത്തിന് ശേഷം ശശീന്ദ്രൻ വീണ്ടും അന്ന് മന്ത്രി സഭയിൽ തിരിച്ചെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.