മനു തോമസിന് ആകാശിന്റെ ഭീഷണി
text_fieldsകണ്ണൂർ: സി.പി.എമ്മിൽനിന്ന് പുറത്തായ മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസിന് ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് മനു തോമസിനെ ബോധ്യപ്പെടുത്താൻ കണ്ണൂരിലെ പാർട്ടിക്ക് അധികസമയം വേണ്ടെന്ന് ഓർക്കുന്നത് നല്ലതാണെന്നും കൂടെയുള്ളവർ എപ്പോഴും സംരക്ഷിക്കാൻ ഉണ്ടാവില്ലെന്നും ഫേസ്ബുക്ക് കമന്റിലൂടെ ആകാശ് മുന്നറിയിപ്പ് നൽകി. മനു തോമസ്-പി. ജയരാജൻ സമൂഹമാധ്യമ പോരിനിടെയാണ് ആകാശ് തില്ലങ്കേരി രംഗത്തുവന്നത്. ഇത് വാർത്തയായതോടെ കമന്റ് അപ്രത്യക്ഷമായി.
പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി ക്വട്ടേഷൻ-സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തലവൻ വന്നതിൽ ആശ്ചര്യമില്ലെന്ന് മനു തോമസും തിരിച്ചടിച്ചു. കണ്ണൂരിലെ സംഘടനയെ രക്ഷിക്കാൻ ആകാശിനെ ആരെങ്കിലും ചുമതലപ്പെടുത്തിയോ എന്ന് സി.പി.എം നേതൃത്വം മറുപടി പറയണം. ആർക്കുവേണ്ടിയാണ് ഈ പ്രതിരോധമെന്ന് അറിയാമെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും ജനിച്ചാൽ മരിക്കുമെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി നൽകി.
ടി.പി വധക്കേസ്: വിട്ടയക്കാൻ ലക്ഷ്യമിട്ടവരിൽ ട്രൗസർ മനോജും
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികളിൽ ശിക്ഷയിളവ് അനുവദിക്കാൻ ലക്ഷ്യമിട്ട നടത്തിയ പ്രതികളിൽ ട്രൗസർ മനോജും. വ്യാഴാഴ്ച നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ് മിഷനിലാണ് മനോജിനടക്കം ഇളവ് നൽകാനുള്ള നീക്കം വെളിപ്പെടുത്തിയത്.
മനോജിന്റെ ശിക്ഷയിളവുമായി ബന്ധപ്പെട്ട കെ.കെ. രമയുടെ മൊഴിയെടുക്കാൻ പൊലീസ് സമീപിച്ചതും സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രാത്രി കൊളവല്ലൂര്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോഴാണ് ശിക്ഷയിളവിന് മനോജിനെകൂടി പരിഗണിക്കുന്ന കാര്യം മനസ്സിലായതെന്ന് രമയും പറഞ്ഞു.
കണ്ണൂർ തൂവക്കുന്ന് സ്വദേശിയും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെ ടി.പി കേസ് ഗൂഢാലോചനയിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാനും വിചാരണകോടതി ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.