ആകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയും അറസ്റ്റിൽ; കാപ്പ ചുമത്തി
text_fieldsഇരിട്ടി (കണ്ണൂർ): സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരിയെയും കൂട്ടാളികളിൽ ഒരാളായ ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്തുപീടികയിലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഇരുവരെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. മുഴക്കുന്ന് സ്റ്റേഷനിലെത്തിച്ച് കാപ്പ നിയമപ്രകാരം വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
കാപ്പ ചുമത്തുന്നതിനു മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ല പൊലീസ് മേധാവി മുഖേന ജില്ല കലക്ടർക്കു കൈമാറിയിരുന്നു. കാപ്പ വകുപ്പു ചുമത്തുന്നതിന് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നു പൊലീസ് പറഞ്ഞു. നാലു വർഷത്തെ കേസുകൾകൂടി പരിശോധിച്ചശേഷമായിരുന്നു പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവിൽ ഒരുകേസിൽ മാത്രമാണ് പ്രതിയെന്നതിനാൽ ഇയാളെ കാപ്പ ചുമത്തുന്നതിൽനിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
രണ്ട് കൊലപാതക കേസുൾപ്പെടെ 12 കേസിൽ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതിയും തില്ലങ്കേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ വിനീഷ് കൊലപാതകക്കേസും ഒരു വധശ്രമക്കേസും ആകാശ് തില്ലങ്കേരിക്കെതിരെയുണ്ട്.
വധശ്രമം, ബോംബ് സ്ഫോടനം, അടിപിടി എന്നീ വകുപ്പുകൾ പ്രകാരം പത്തോളം കേസിൽ പ്രതിയാണ് ജിജോ തില്ലങ്കേരി. ഷുഹൈബ് വധം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തിലുള്ള ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ് വിവാദമായതിനു തൊട്ടുപിറകെയാണ്, സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും അറസ്റ്റുമുണ്ടായത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നുകാട്ടി ആകാശിന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹരജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.