ആകാശ് തില്ലങ്കേരി ഓടിച്ച നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് പിടിച്ചെടുക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്. ജഡ്ജിമാർ ദൃശ്യം നേരിൽ കണ്ടതിനെത്തുടർന്നാണ് നടപടി. വയനാട് പനമരത്ത് തുറന്ന ജീപ്പിൽ പ്രതി നടത്തിയ യാത്ര ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയത്. രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നതെന്ന് സൂചിപ്പിച്ചാണ് കോടതി വാഹനം പിടിച്ചെടുക്കാൻ നിർദേശിച്ചത്. ഇത്തരം വാഹനങ്ങൾ പൊതുസ്ഥലത്ത് അനുവദിക്കരുതെന്ന് മാത്രമല്ല, ക്രിമിനൽ നടപടിയും സ്വീകരിക്കേണ്ടതാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് തടയാനാകണമെന്നും കോടതി പറഞ്ഞു.
കോഴിക്കോട് വടകരയിൽ റോഡ് മുറിച്ചുകടക്കാനായി സീബ്ര ലൈനിൽ നിന്ന വിദ്യാർഥികളെ സ്വകാര്യ ബസിടിച്ച് തെറിപ്പിച്ച സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തു. നിയമവിരുദ്ധമായി സർക്കാർ ബോർഡ് വെച്ച് ബീക്കൺ ലൈറ്റിട്ട് യാത്ര നടത്തിയ കെ.എം.എം.എൽ എം.ഡി.യുടെ വാഹനത്തിനെതിരെ നടപടി സ്വീകരിക്കാൻ നിർദേശിച്ച കോടതി വിഷയം, സ്വമേധയാ ഹരജിയായി പരിഗണിക്കാനും തീരുമാനിച്ചു. മോട്ടോർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതിയുടെ നിർദേശങ്ങൾ. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്ന മടപ്പള്ളി ഗവ. കോളജിലെ വിദ്യാർഥികൾക്കാണ് കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിടിച്ച് പരിക്കേറ്റത്. ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഓടിമറയുകയായിരുന്നു.
കാര്യേജ് വാഹനങ്ങൾക്ക് നിയമം ബാധകമല്ലേയെന്നും കോടതി ചോദിച്ചു. നിയമവിരുദ്ധ ബോർഡ് വെച്ച കെ.എം.എം.എൽ എം ഡിയുടെ വാഹനം പരിശോധിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ ജില്ല പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. വാഹനം കസ്റ്റഡിയിലെടുത്ത് കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിട്ടു. തുടർന്നാണ് ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ സ്വമേധയാ ഹരജിക്ക് നടപടിയെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകിയത്.
ആകാശ് തില്ലങ്കേരിയുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും
കൽപറ്റ: ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് പനമരം നഗരത്തിലൂടെ ജീപ്പ് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്യും. രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റില്ലാത്ത ജീപ്പ് സീറ്റ് ബെൽറ്റിടാതെ ഞായറാഴ്ചയാണ് ആകാശ് ഓടിച്ചത്. പനമരം ടൗണിലൂടെയും അപ്രോച്ച് പാലത്തിലൂടെയുമായിരുന്നു സവാരി. മറ്റ് രണ്ട് പേരും വാഹനത്തിലുണ്ടായിരുന്നു.
ഇതിന്റെ വിഡിയോ ഫേസ്ബുക്കിലടക്കം പോസ്റ്റ് ചെയ്തതോടെ യൂത്ത്കോൺഗ്രസ് ആർ.ടി.ഒക്ക് പരാതി നൽകുകയായിരുന്നു. ആദ്യം നടപടിയെടുക്കാതിരുന്ന മോട്ടോർ വാഹനവകുപ്പ് പ്രതിഷേധമുയർന്നതോടെയാണ് അനങ്ങിയത്. വാഹനം മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ചുമതലയുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.