ആകാശ് തില്ലങ്കേരി ഒളിവിലെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ആകാശ് തില്ലങ്കേരി ഒളിവിലെന്ന് പൊലീസ്. പേരാവൂർ ഡി.വൈ.എസ്.പിയാണ് ആകാശിനെ കണ്ടെത്താനാവുന്നില്ലെന്ന് അറിയിച്ചത്. ടവർ ലോക്കേഷൻ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നില്ലെന്നാണ് വിശദീകരണം. അതേസമയം, ആകാശിനെതിരെ കാപ്പ ചുമത്താൻ നീക്കം നടക്കുന്നുണ്ട്. ആകാശിനെതിരായ കേസുകളിൽ ജില്ലാ പൊലീസ് മേധാവി പരിശോധന ആരംഭിച്ചു. കാപ്പ ചുമത്തി ആകാശിനെ നാട്ടുകടത്താനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, ആകാശിനെ എതിരെ പരാതി നൽകിയ വനിത നേതാവിനെതിരെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപമുണ്ടായി.
സി.പി.എം നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും ആരോപണം ഉയർത്തിയും ശുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ടം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്.
ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വെക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നതെന്നും ആകാശ് തില്ലങ്കേരി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.