സൈക്കിൾ കാരവനിൽ കേരളം ചുറ്റാൻ ആകാശ് എത്തി; അമ്മയുമൊത്ത്
text_fieldsതൃശൂർ: സ്വയം നിർമിച്ച ഇലക്ട്രിക് സൈക്കിളിൽ അമ്മയുമായി കേരളം ചുറ്റാനിറങ്ങിയ കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി ആകാശ് കൃഷ്ണ തൃശൂരിലെത്തി. കഴിഞ്ഞ ആഴ്ച യാത്ര തുടങ്ങിയ ആകാശ് കൃഷ്ണ കാസർകോടും കണ്ണൂരും കോഴിക്കോടും കടന്നാണ് തൃശൂരിലെത്തിയത്. ഈ വർഷമാണ് ആകാശ് കള്ളാന്തോട് കെ.എം.സി.ടി പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയത്.
രണ്ടാം വർഷമായിരിക്കേ നിർമിച്ച ഇലക്ട്രിക് സൈക്കിൾ കാരവൻ പെഡൽ ഉപയോഗിച്ച് ചവിട്ടിയും ഇലക്ട്രിക് സ്വിച്ച് ഉപയോഗിച്ചുമാണ് പ്രവർത്തിക്കുന്നത്. സൈക്കിളിന് പിറകിലാണ് രണ്ടുപേർക്ക് കിടക്കാൻ പാകത്തിൽ കാരവൻ സജ്ജീകരിച്ചിരിക്കുന്നത്.
ടി.വിയും റഫ്രിജറേറ്ററും ഫാനും അവശ്യമരുന്നുകളും ഉൾപ്പെടെയാണിത്. കാരവന് മുകളിൽ സോളാർ പാനലുകൾ സജ്ജീകരിച്ചിട്ടുമുണ്ട്. ഇടക്കിടെ വാഹനം നിർത്തിയിട്ട് ലിഥിയം അയേൺ ബാറ്ററി ചാർജ് ചെയ്ത് മുന്നോട്ടുപോകുന്നു.
യാത്രക്കൊരു ലക്ഷ്യമുണ്ട്. കടത്തിണ്ണകൾ അഭയമാകുന്നവർക്ക് താൻ നിർമിച്ച താൽക്കാലിക ഷെൽറ്റർ പരിചയപ്പെടുത്തുക. മുറിവാടക ഇല്ലാതെയും വൈദ്യുതി ഇല്ലാതെയും വീടുപോലെ തണലൊരുക്കാനാകുമെന്നത് അവരെ പരിചയപ്പെടുത്തുക.
യാത്ര പുറപ്പെടാനിരിക്കവേ അമ്മ റീജയോട് വെറുതെ ചോദിച്ചതാണ്- ''സോളോ യാത്ര എനിക്ക് ഇഷ്ടമല്ല, കൂടെപ്പോരുന്നോ'' എന്ന്. അമ്മ സമ്മതിക്കുകയും ചെയ്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിലാണ് ആകാശ് രാത്രി തങ്ങാറ്.
യാത്രകൾ ഇഷ്ടമായ 21കാരനായ ആകാശ് ഈ വർഷം ആഗസ്റ്റിൽ കാസർകോട്ടേക്ക് യാത്ര പോയിരുന്നു. പിറകെ ആക്ടിവയിൽ പിതാവ് ഉദയരാജനും മാതാവ് റീജയും പോയി. ഇത്തവണ ഓട്ടോമോബൈൽ ഇൻഡസ്ട്രി നടത്തുന്ന പിതാവിന് അസൗകര്യമുണ്ടായി.
അതിനാൽ സഹോദരിയോടൊപ്പം വീട്ടിൽതന്നെ നിന്നു. ഒരു മാസത്തിനകം കേരള പര്യടനം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. അമ്മയുടെ ആരോഗ്യം നോക്കി ചിലപ്പോൾ തമിഴ്നാട്ടിൽകൂടി സഞ്ചരിക്കാമെന്ന മോഹവും ഉണ്ടെന്ന് ആകാശ് കൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.