കോട്ടപ്പുറത്തുകാരുടെ അഭിമാനമായി എ. അക്ബർ; ഇനി കൊച്ചി സിറ്റി പൊലീസ് കമീഷണർ
text_fieldsആലങ്ങാട്: കൊച്ചി നഗരത്തിന്റെ പൊലീസ് അധിപനായി എ. അക്ബറിനെ നിയമിച്ചതിൽ അഭിമാനംപൂണ്ട് കോട്ടപ്പുറത്തുകാർ. ആലങ്ങാട് കോട്ടപ്പുറം കുന്നിൻപുറത്ത് വീട്ടിൽ റിട്ട. അധ്യാപകൻ എസ്. അബു - പരേതയായ സുലേഖ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നിലവിൽ ട്രാഫിക് വിഭാഗം ഐ.ജിയായ എ. അക്ബർ. 2005 ബാച്ച് ഐ.പി.എസ് ഓഫിസറായ ഇദ്ദേഹം കോട്ടപ്പുറം മലയാളം എൽ.പി സ്കൂൾ, ആലങ്ങാട് കെ.ഇ.എം.എച്ച് സ്കൂൾ, ആലുവ യു.സി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠിച്ചത്. എറണാകുളം ലോ കോളജിൽ നിന്നും നിയമത്തിൽ ബിരുദവും നേടി.
മികച്ച അഭിഭാഷകനായി പേരെടുത്ത് വരുന്നതിനിടയിലാണ് 2005ൽ സിവിൽ സർവിസ് ലഭിച്ച് ഐ.പി.എസ് കരസ്ഥമാക്കിയത്. മൂത്ത സഹോദരി എ. ഷൈല 2003ൽ സിവിൽ സർവിസിൽ ഉന്നത വിജയവുമായി ഐ.എ.എസ് കരസ്ഥമാക്കി. ഇപ്പോൾ മഹാരാഷ്ട്ര സർക്കാറിന്റെ ധനകാര്യ വകുപ്പ് സെക്രട്ടറിയാണ്. രണ്ടാമത്തെ സഹോദരി എ. ഷൈന 2007ൽ സിവിൽ സർവിസിൽ ഉന്നത വിജയവുമായി ഐ.എ.എസ് കരസ്ഥമാക്കി.
ഒരു കുടുംബത്തിൽനിന്നും മൂന്ന് പേർ സിവിൽ സർവിസ് കരസ്ഥമാക്കിയത് കോട്ടപ്പുറം എന്ന ഗ്രാമം അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ആയിരിക്കെ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ഡി.വൈ.എഫ്.ഐക്കാർ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ ഇവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തത് രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
ഈ സംഭവത്തിൽ കോഴിക്കോട് സി.പി.എം ജില്ല സെക്രട്ടറി ഉൾെപ്പടെ മുതിർന്ന നേതാക്കൾ അക്ബറിനെതിരെ രംഗത്ത് വന്നതോടെ അവിടെയും അധികകാലം ഇരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്ത് ഹെഡ് ക്വാർട്ടേഴ്സ് ഐ.ജിയായി സർക്കാർ മാറ്റി നിയമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.