മുഖ്യമന്ത്രിക്കെതിരെ യോഗക്ഷേമ സഭ: ‘ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറണ്ട, ക്ഷേത്രത്തിൽ ഷർട്ടഴിക്കുന്നതിന് പിന്നിൽ ശാസ്ത്രീയ സത്യമുണ്ട്’
text_fieldsതിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പുരുഷൻ ഷർട്ടഴിക്കണമെന്ന ആചാരം മാറണമെന്ന സ്വാമി സച്ചിതാനന്ദയുടെ അഭിപ്രായത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി. മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല ഇതെന്നും ഹൈന്ദവ സമൂഹത്തിന്റെ മേൽ കുതിര കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഷർട്ടഴിക്കുന്നതിന് പിന്നിൽ ശാസ്ത്രീയ സത്യമുണ്ട്. ഓരോരോ ക്ഷേത്രത്തിനും അതിന്റേതായ നിയമമുണ്ട്. അവിടെയുള്ള ആചാര്യൻമാരും ബന്ധപ്പെട്ടവരും ചേർന്ന് ചർച്ച നടത്തി നിലപാടെടുക്കേണ്ട വിഷയമാണിത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ് പന്തളം രാജാവ്. ആ രാജാവ് അവിടെ വിയർത്തൊലിച്ച് ഇരിക്കുമ്പോൾ ഓഫിസർമാർ എ.സി റൂമിൽ ഇരിക്കുകയാണ്. ആചാരത്തോടുള്ള താൽപര്യമാണെങ്കിൽ ആചാരപരമായ കാര്യങ്ങളിലൊക്കെ ഒരുപാട് വിരോധാഭാസങ്ങൾ കാണുന്നുണ്ട്. ഇത് വ്യക്തി താൽപര്യമാണ്. അങ്ങിനെയേ മുഖ്യമന്ത്രി പറഞ്ഞതിനെ കാണാനാവൂ. ഹൈന്ദവ സമൂഹത്തിന് മേൽ കുതിര കയറേണ്ട വിഷയമല്ല ഇത്. രാഷ്ട്രീയമായി തീരുമാനിക്കേണ്ടതല്ല. ആചാര്യൻമാർ ചേർന്ന് നിലപാടെടുക്കേണ്ടതാണ്’ - അക്കീരമൺ കാളിദാസൻ പറഞ്ഞു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞതാണ് ഇതിലെ ശരിയെന്നും അദ്ദേഹം പറഞ്ഞു.
92ാമത് ശിവഗിരി തീർഥാടന സമ്മേളനത്തിലാണ് ഉടുപ്പ് മാറ്റണമെന്ന ആചാരം മാറണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അഭിപ്രായപ്പെട്ടത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി ഇതിനെ പിന്തുണക്കുകയായിരുന്നു. ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഉടുപ്പ് അഴിച്ചുമാറ്റിയേ കയറാവൂ എന്ന രീതിയും ആചാരവും മാറണമെന്നായിരുന്നു സ്വാമി സച്ചിതാനന്ദ ആവശ്യപ്പെട്ടത്.
സമൂഹത്തിലെ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിൽനിന്നും ശ്രീനാരായണീയർ പിന്മാറണം. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഉടുപ്പ് ധരിച്ച് കയറാനുള്ള രീതി നടപ്പാക്കിക്കൊണ്ട് ഈ അനാചാരം അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ അഭിപ്രായത്തെ പിന്നീട് സംസാരിച്ച മുഖ്യമന്ത്രി പൂർണമായും പിന്തുണക്കുകയായിരുന്നു.
ആരാധനാലയങ്ങളിൽ പുരുഷൻ ഉടുപ്പ് ഊരിമാറ്റിയേ കടക്കാവൂ എന്ന നിബന്ധന പൊതുവെയുണ്ടെന്നും ഇതിന് കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഗുരുവിന്റെ സദ്പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് സ്വാമി സച്ചിതാനന്ദയുടെ ഇടപെടൽ. ഇത് പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലാണ്. ഈ വഴിക്ക് വരാൻ ആരെയും നിർബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട്. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിൽ ഉടുപ്പ് നീക്കേണ്ടതില്ലെന്നത് നല്ല തുടക്കമാകും. ഇത് മറ്റ് ആരാധനാലയങ്ങളിലും പിന്തുടരാൻ കഴിയുമോയെന്നും ആലോചിക്കണം’ -എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അതിനിടെ, ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താൻ ആരും ശ്രമിക്കേണ്ടെന്ന സംഘ്പരിവാർ നിലപാടിന് സമാന പ്രതികരണമാണ് ഈ വിഷയത്തിൽ എൻ.എസ്.എസിൽനിന്നുണ്ടായത്. ദേവസ്വം ബോർഡുകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ കടന്നുകയറാനും മാറ്റം വരുത്താനും ഇടതുസർക്കാർ ശ്രമിക്കുന്നെന്ന സംഘ്പരിവാർ ആക്ഷേപങ്ങൾക്ക് സമാന പ്രതികരണമാണ് മന്നം ജയന്തി ദിനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയത്. ‘‘ക്ഷേത്രത്തിൽ ഷർട്ട് ഊരി കയറുന്നത് ആചാരത്തിന്‍റെ ഭാഗമാണ്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണ്. സര്‍ക്കാറിനോ ഏതെങ്കിലും സംഘടനക്കോ തിരുത്താനാകില്ല. ഈ വ്യാഖ്യാനങ്ങളൊക്കെ ഹിന്ദുവിന്‍റെ പുറത്തുമാത്രമേയുള്ളോ. ക്രിസ്ത്യാനികൾക്ക് അവരുടേതായ ആചാരങ്ങളുണ്ട്. മുസ്‍ലിം സമുദായത്തിലുമുണ്ട് ഇത്തരം കാര്യങ്ങൾ. ഇത്തരം നടപടിക്രമങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ?’ -അദ്ദേഹം ചോദിച്ചു.
എൻ.എസ്.എസിന്റെ അധീനതയിലുള്ള പല ക്ഷേത്രങ്ങളിലും ഇപ്പോഴും പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ, ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് വർഷങ്ങളായി ഇത്തരത്തിലുള്ള ആചാരം തുടരുന്നത്. ഈ ആചാരത്തിൽ മാറ്റം വരുത്താനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നാണ് ഹിന്ദുസംഘടനകളുടെ ആക്ഷേപം. അതിനെ പിന്തുണക്കുന്ന നിലയിലാണ് എൻ.എസ്.എസിന്റെ പ്രതികരണവും.
ഇടവേളക്ക് പിന്നാലെ ആചാരാനുഷ്ഠാന സ്വാതന്ത്ര്യം ഉയർത്തി എൻ.എസ്.എസ് വീണ്ടും രംഗത്തെത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാറിനെതിരെ നാമജപഘോഷയാത്ര ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ എൻ.എസ്.എസ് ആചാരാനുഷ്ഠാന സ്വാതന്ത്ര്യത്തിനായി ഇനിയും രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് സുകുമാരൻനായരുടെ വാക്കുകൾ. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് പോരാടിയതുപോലെ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്ന സൂചനയാണിത്. ശിവഗിരി മഠത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം നടത്തിയത്. ഈ വിഷയങ്ങളിൽ ദേവസ്വം ബോർഡുകളുടെ നിലപാടുകളും നിർണായകമാണ്. അതിനെ അടിസ്ഥാനമാക്കിയാകും ഭാവിയിലെ നീക്കങ്ങൾ.
അതേസമയം, എസ്.എൻ.ഡി.പി യോഗത്തിനുകീഴിലെ ക്ഷേത്രങ്ങളിൽ ഇനിയും ഷർട്ട് ഊരുന്ന രീതിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കാൻ നാളെ കൊല്ലത്ത് യോഗം ചേരുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.