എ.കെ.ജി സെൻറർ ആക്രമണം പൊലീസ് അട്ടിമറി സംശയിക്കുന്ന വിവരങ്ങൾ പുറത്ത്
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെയുള്ള ആക്രമണ സംഭവത്തിൽ പൊലീസ് ഒത്തുകളി സംശയിക്കുന്ന വിവരങ്ങൾ പുറത്ത്.
സംഭവസമയത്ത് അതുവഴി കടന്നുപോയ തട്ടുകടക്കാരനെ കേന്ദ്രീകരിച്ച അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ചതിൽ ദുരൂഹത ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം.
സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് കൃത്യമായ വിവരം ലഭിക്കും മുമ്പ് വിട്ടയച്ചത്. സി.പി.എം നേതാവുമായി ഇയാൾക്ക് അടുപ്പമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഒന്നരദിവസത്തെ കസ്റ്റഡിക്കുശേഷം ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് വിട്ടയച്ചതത്രെ. ഇയാളുടെ ഫോൺ വിളി ഉൾപ്പെടെ അന്വേഷിക്കേണ്ടതില്ലെന്ന നിർദേശം പ്രത്യേക സംഘത്തിന് ലഭിച്ചെന്നും അതോടെയാണ് കേസിൽ രണ്ടു പ്രതികളുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഒരാൾ മാത്രമേയുള്ളൂവെന്ന നിഗമനത്തിലെത്തിയതെന്നും ആക്ഷേപമുണ്ട്.
എന്നാൽ, പൊലീസ് ആക്ഷേപങ്ങൾ തള്ളി. തട്ടുകടക്കാരനെ സംശയിക്കാനുള്ള തെളിവ് കിട്ടിയില്ലെന്നും അയാൾ എന്നും അതുവഴി പോകുന്ന ആളാണെന്ന് ഉറപ്പായതിനാലാണ് വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു.
ജൂൺ 30ന് രാത്രിയാണ് എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. പിന്നാലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് രണ്ടുപേരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ആദ്യത്തേത് സ്ഫോടക വസ്തു എറിഞ്ഞയാളും രണ്ടാമത്തേത് ആക്രമണത്തിന് മുമ്പും ശേഷവും അതുവഴി പോയ സ്കൂട്ടർ യാത്രികനുമാണ്.
രണ്ടാം ദിവസം സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. ജനറൽ ആശുപത്രി പരിസരത്ത് തട്ടുകട നടത്തുന്ന ആളായിരുന്നു യാത്രികൻ. തട്ടുകടയിലേക്ക് എ.കെ.ജി സെന്ററിന് സമീപത്തെ ടാപ്പിൽനിന്ന് വെള്ളമെടുക്കാൻ എത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് അത് കൈമാറിയത് ഇയാളാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം.
തുടർന്ന് കേസിൽ രണ്ട് പ്രതികളുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. പിന്നീടാണ് ഒരാൾ മാത്രമേയുള്ളൂയെന്ന നിഗമനത്തിലെത്തിയത്. സംഭവം നടന്ന് ഒരുമാസമാകാറായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചെങ്കിലും അതിനുള്ള നടപടികളൊന്നുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.