എ.കെ.ജി സെന്റർ ആക്രമണ കേസ്: പ്രതി നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് പടക്കം എറിഞ്ഞ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. അഞ്ചു ദിവസം വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതി കണ്ണൻ എന്ന ജിതിന്റെ ജാമ്യാപേക്ഷ കോടതി സെപ്റ്റംബർ 27ന് പരിഗണിക്കും.
കേസിൽ രാഷ്ട്രീയം കലർത്തിയെങ്കിൽ പ്രതിയെ പിടികൂടുവാൻ 85 ദിവസം പോലീസിന് വേണ്ടിയിരുന്നില്ല. പ്രതി നടത്തിയ കുറ്റകൃത്യം ഗൗരവമുള്ളതാണ്. ജീവന് ആപത്ത് ഉണ്ടായില്ല എന്നതുകൊണ്ട് സംഭവം ലഘൂകരിക്കാൻ കഴിയില്ല എന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, കേസ് രാഷ്ട്രീയ ഗൂഢലോചനയുടെ ഭാഗമാണെന്നും180 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയുടെ ഷൂ, വസ്ത്രം എന്നിവ കണ്ടു. എന്നാൽ ഹെൽമറ്റ് പോലും ഇല്ലാതെ ബൈക്ക് ഓടിച്ച പ്രതിയുടെ മുഖം എന്തു കൊണ്ട് പൊലീസ് തിരിച്ചറിഞ്ഞില്ല എന്ന് പ്രതിഭാഗം ചോദിച്ചു. സാധാരണ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന രസവസ്തുക്കൾ മാത്രമാണ് പടക്കങ്ങളിൽ ഉണ്ടായിരുന്നത് എന്നും പ്രതിഭാഗം വാദിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം മാത്രമേ പ്രതിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ.
അതേസമയം, പൊലീസ് മർദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും കോടതിയിലേക്ക് കൊണ്ടുപോകവെ ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ. കേസിൽ കുടുക്കുകയായിരുന്നുവെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്റെ കുടുംബവും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.