'കിട്ടിയോ?' ചോദ്യം തുടങ്ങിയിട്ട് ഒരുമാസം; തെളിവില്ലാതെ എ.കെ.ജി സെന്‍റർ ആക്രമണം, പ്രതീക്ഷ ക്രൈംബ്രാഞ്ചിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിനുനേരെ ആക്രമണം നടന്ന് ഒരുമാസമായിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിന് നാണക്കേടാവുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്‍ററിനുനേരെ ആക്രമണമുണ്ടായിട്ട് ഇന്നേക്ക് കൃത്യം ഒരുമാസമായി.
അന്വേഷിച്ചത് രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ
കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത്. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ബോംബെറിഞ്ഞ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം കോടതി തള്ളിയ ദിവസമായിരുന്നു ഇത്. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ മുഴുവൻ സംവിധാനവും ഉപയോഗിച്ച് ഒരുമാസത്തോളം അന്വേഷിച്ചിട്ട് പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടായി. പൊലീസിന്‍റെ വീഴ്ച പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കുകയും ചെയ്തു. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത കേസിൽ ഇനി പ്രതീക്ഷ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം ഈ പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്.
ചുവന്ന സ്കൂട്ടർ തെരഞ്ഞ് തളർന്നു
പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് പ്രതി വന്നത് ചുവന്ന സ്കൂട്ടറിലാണെന്ന വിവരം മാത്രമാണ്. അതിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം സ്കൂട്ടറുള്ള രണ്ടായിരത്തിലധികം പേരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടർ കെണ്ടത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സ്കൂട്ടറിന്‍റെ നമ്പർ വ്യക്തമായില്ല.
അതിനിടയിൽ സംഭവസ്ഥലത്ത് സംശയകരമായി കണ്ട തട്ടുകടക്കാരനെ കാര്യമായി ചോദ്യം ചെയ്യാത്തത് സി.പി.എം നേതാവുമായുള്ള ബന്ധം കാരണമാണെന്ന് ആക്ഷേപമുയർന്നു.
എസ്.പി എസ്. മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം. അവരുടെ അന്വേഷണം പ്രതിയിലേക്ക് എത്തുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.