എ.കെ.ജി സെന്‍റർ ആക്രമണം: മൂന്നു പേർക്കായി ലുക്കൗട്ട് നോട്ടീസ്
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസില്‍ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്. പുതുതായി പ്രതിചേർത്ത യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് സുഹൈൽ ഷാജഹാൻ, യു.ഡി.എഫ് വനിത നേതാവ് ടി. നവ്യ, സുബീഷ് എന്നിവർക്കായാണ് നോട്ടീസ്.
സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. ഇയാൾ വിദേശത്താണ്. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിനു ശേഷമാണ് സുബീഷ് വിദേശത്തേക്ക് കടന്നത്. സുബീഷിന്‍റെ സ്കൂട്ടർ ഒളിച്ച് സൂക്ഷിച്ച സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
റിമാൻഡിലുള്ള യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ജിതിനൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും ജിതിന്‍റെ സുഹൃത്ത് നവ്യക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടകവസ്തു ഏറിയാൻ ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് കേസിൽ സുഹൈലിന്‍റെ പങ്ക് വ്യക്തമായത്. സംഭവദിവസം രാത്രി ഗൗരീശപട്ടത്ത് ഈ സ്കൂട്ടർ എത്തിച്ചത് നവ്യയാണെന്നും കണ്ടെത്തി.
നവ്യ സ്കൂട്ടര്‍ ഓടിച്ചുപോകുന്ന ദൃശ്യങ്ങളിൽനിന്നാണ് അന്വേഷണം ജിതിനിലേക്ക് എത്തിയത്. ജിതിന്‍റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെ നവ്യ ഒളിവിൽ പോകുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു നവ്യ. കേസിൽ സുഹൈലിന്‍റെ പങ്ക് ആദ്യം മുതൽ സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.