എ.കെ.ജി സെന്‍റർ ആക്രമണം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തത്.
വാഹനത്തിന്‍റ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്. ജിതിനൊപ്പം സംഭവത്തിൽ ഗൂഢാലോചന നടത്തിയതിന് പൊലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറാണ് സുധീഷെന്നാണ് വിവരം.
കേസിൽ കൂടുതൽ പേർ പ്രതിയാകുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. കേസുമായി ബന്ധപ്പെട്ട് സ്കൂട്ടർ, പ്രതി ധരിച്ചിരുന്ന ടി ഷർട്ട് എന്നിവ കണ്ടെത്താനാകാത്തത് ക്രൈംബ്രാഞ്ചിന് കടുത്ത വെല്ലുവിളിയായിരുന്നു. ആക്രമണ സമയത്ത് ധരിച്ചിരുന്ന ടി ഷർട്ട്, ഷൂസ് എന്നിവ െവച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് കോടതിയിൽ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിലുൾപ്പെടെ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ ടി ഷർട്ട് വേളി കായലിൽ എറിഞ്ഞ് നശിപ്പിച്ചെന്ന മൊഴിയാണ് പ്രതി നൽകിയത്. തുടർന്ന് ടി ഷർട്ട് വാങ്ങിയ കടയിൽ തെളിവെടുപ്പ് നടത്തിയാണ് ഇതിന് സഹായകമായ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ സ്കൂട്ടറും കണ്ടെത്തിയത്. സംഭവദിവസം രാത്രി പത്തരയോടെ ജിതിന്‍റെ സുഹൃത്തായ വനിത നേതാവാണ് സ്കൂട്ടർ ഗൗരീശപട്ടത്ത് എത്തിച്ചത്.
സ്കൂട്ടറിൽ പോയി കൃത്യം നിർവഹിച്ച് മടങ്ങിയെത്തിയ ജിതിൻ സ്കൂട്ടർ സ്ത്രീയെ തിരിച്ചേൽപ്പിച്ച് തന്‍റെ കാറിൽ മടങ്ങുകയായിരുന്നെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെളിയിക്കുന്ന റൂട്ട്മാപ്പും പൊലീസ് തയാറാക്കിയിട്ടുണ്ട്. ജിതിന്‍റെ സുഹൃത്തുകൂടിയായ സുഹൈലിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.