എ.കെ.ജി സെന്റർ ആക്രമണം: വിപിൻ മോഹനൻ ഹാജരായില്ല
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ കെ. സുധാകരന്റെ മുന് പ്രൈവറ്റ് സെക്രട്ടറി വിപിൻ മോഹനനെ വിളിച്ചുവരുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന് മുമ്പാകെ ഹാജരാകാനാണ് വിപിൻ മോഹനന് ലഭിച്ച നിർദേശം.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ ഓഫിസിൽ എത്താൻ നിർദേശം നൽകിയിട്ടും വിപിൻ ഹാജരായിരുന്നില്ല. വിപിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച എ.കെ.ജി സെന്റർ ആക്രമണം നടന്ന് ഒരു വർഷമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ സുഹൈൽ ഷാജഹാൻ ഉൾപ്പെടെ പ്രതികൾ വിദേശത്തേക്ക് കടന്നതാണ് തടസ്സമെന്നാണ് വിശദീകരണം.
കെട്ടിച്ചമച്ച കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2022 ജൂലൈ ഒന്നിനാണ് എ.കെ.ജി സെന്ററിന്റെ മതിലിൽ സ്കൂട്ടറിൽ വന്നയാൾ സ്ഫോടക വസ്തു എറിഞ്ഞത്. എറിഞ്ഞയാൾ സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പ്രതിയെ തിരിച്ചറിയാൻ കഴിയാതിരുന്ന പൊലീസ് 85ാം ദിവസമാണ് കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. ജിതിനെ അറസ്റ്റ് ചെയ്തത്.
ജിതിന് സ്കൂട്ടർ എത്തിച്ചുനൽകിയ സുഹൃത്ത് ടി. നവ്യയും പിന്നാലെ പിടിയിലായി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനാണ് മുഖ്യ സൂത്രധാരനെന്നും സുഹൈലിന്റെ ഡ്രൈവർ സുധീഷിന്റേതാണ് സ്കൂട്ടറെന്നും ക്രൈബ്രാഞ്ച് പറഞ്ഞിരുന്നു.
ഇരുവരും വിദേശത്തേക്ക് കടന്നതോടെ അന്വേഷണം നിലച്ചു. ഇരുവരെയും നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അതിനുശേഷം കുറ്റപത്രം സമർപ്പിക്കുമെന്നുമായിരുന്നു ക്രൈംബ്രാഞ്ച് വിശദീകരണം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.