എ.കെ.ജി സെന്‍റർ ആക്രമണം: പ്രതിക്ക് സ്കൂട്ടർ നൽകിയത് വനിതനേതാവ്
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിന് സ്കൂട്ടർ നൽകിയത് വനിതനേതാവെന്ന് ക്രൈംബ്രാഞ്ച്. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറാണ് ഇവർ ജിതിന് കൈമാറിയത്.
ജിതിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചത്. ഈ യുവതി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നെന്നും വിവരമുണ്ട്. എന്നാൽ, ആക്രമണം നടത്താൻ പോകാനാണ് സ്കൂട്ടർ ആവശ്യപ്പെട്ടതെന്ന് തനിക്ക് അറിവില്ലായിരുന്നെന്ന് യുവതി മൊഴി നൽകി.
ജിതിന്റെ സുഹൃത്ത് കൂടിയായ യുവതി സംഭവദിവസമായ ജൂൺ 30ന് രാത്രി 11ന് ഗൗരീശപട്ടത്തുവെച്ചാണ് ജിതിന് സ്കൂട്ടർ കൈമാറിയത്. ജിതിൻ കൃത്യം നടത്തി തിരിച്ചുവരുംവരെ ഇവർ കാറിൽ കാത്തിരുന്നു. മടങ്ങിയെത്തിയ ജിതിൻ കാറുമായി പോയപ്പോൾ ഇവർ സ്കൂട്ടറിൽ മടങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂട്ടർ മാറി ഉപയോഗിച്ചതെന്ന് കരുതുന്നു.
സ്കൂട്ടറിന്റെ സഞ്ചാരം സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും ഓടിച്ചത് യുവതി ആയതിനാൽ ആദ്യം പൊലീസ് ശ്രദ്ധിച്ചില്ല. ടവർ ലൊക്കേഷനും മൊബൈൽ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ ചോദ്യംചെയ്തിരുന്നു. സുഹൃത്ത് എന്ന നിലയിൽ കാണാൻ പോയി എന്ന് മാത്രമായിരുന്നു അന്ന് നൽകിയ മൊഴി.
യുവതിയെ വീണ്ടും ചോദ്യംചെയ്യും. അതിനുശേഷം ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യം തീരുമാനിക്കും. അതിനിടെ ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.