പ്രതിയെ പിടിച്ച കേരള പൊലീസിന് പൂച്ചെണ്ട് നൽകണം, രാജ്യത്തിന് മാതൃക -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെ പിടികൂടുന്നതിൽ കേരള പൊലീസ് ഏറ്റവും മാതൃകാപരമായാണ് പ്രവർത്തിച്ചതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സമർത്ഥമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയ കേരള പൊലീസിന് പൂച്ചെണ്ട് നൽകണം. ആധുനിക കാലഘട്ടത്തിലെ ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിൽ കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ പിടികൂടിയത് കുറ്റം ചെയ്യുന്നവർക്കുള്ള ഒരു താക്കീതാണ്. ചോക്ലേറ്റ് നൽകി മയക്കിയെന്നുള്ളത് സുധാകരന്‍റെ അഭിപ്രായമായി കണ്ടാൽ മതി. ഒരു നേതാവ് ഉയർന്ന പദവിയിലെത്തുമ്പോൾ അതിനനുസരിച്ച് ഉയരണം.
അന്വേഷണത്തിൽ ഒരു പിശകും സംഭവിക്കാതിരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് പ്രതിയെ പിടികൂടാനുള്ള കാലദൈർഘ്യം ചൂണ്ടിക്കാട്ടിയപ്പോൾ ജയരാജൻ മറുപടി നൽകി. എ.കെ.ജി സെന്‍റർ ആക്രമണത്തിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്.
ആർ.എസ്.എസിന്‍റെ ഹിന്ദുത്വ വർഗീയതയെ എതിർക്കാൻ മുസ്ലിം വർഗീയതയെ വളർത്തുകയല്ല വേണ്ടതെന്ന് പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജൻ പറഞ്ഞു. അത് അങ്ങേയറ്റം അപകടമാണ്. ആർ.എസ്.എസിന് കരുത്തുപകരും. മതനിരപേക്ഷതയാണ് ഇതിനുള്ള പരിഹാരം. ഒരു വർഗീയതയെയും പ്രോത്സാഹിപ്പിക്കരുത്.
പോപുലർ ഫ്രണ്ടിനെ നിരോധിക്കുക എന്നതിനപ്പുറം, ജനങ്ങളെ അതിനെതിരായി ബോധവത്കരിക്കുക എന്നുള്ളതിനാണ് പ്രാധാന്യം. ജനങ്ങളില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല. നിരോധിച്ചതുകൊണ്ട് മാത്രം ഈ ആപത്ത് ഒഴിവാകില്ല, ചിലപ്പോൾ ശക്തിപ്പെടുകയും ചെയ്യും. ഇത് മനസിലാക്കി വേണം എല്ലാവരും പ്രവർത്തിക്കാനെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.