എ.കെ.ജി സെന്റർ ആക്രമണം: മുഖ്യ പ്രതി ജിതിന് ജാമ്യം
text_fieldsകൊച്ചി: എ.കെ.ജി സെന്റർ ആക്രമണക്കേസ് മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം. ഹൈകോടതിയാണ് കേസിലെ മുഖ്യപ്രതി വി. ജിതിന് ജാമ്യം നൽകിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നേരത്തേ ജിതിന് ജാമ്യം നിഷേധിച്ചിരുന്നു.
കേസില്‍ മൂന്ന് പ്രതികളെ കൂടി പ്രതിചേര്‍ത്തിട്ടുണ്ടെന്നും അതുകൊണ്ട് മുഖ്യപ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അനുവദിച്ചില്ല. ജിതിനിന്റെ ഭാഗത്ത് നിന്നുള്ള ചോദ്യം ചെയ്യലും മറ്റും പൂര്‍ത്തിയായെന്നും ഇനിയും കസ്റ്റഡിയില്‍ ഇരിക്കേണ്ട കാര്യമില്ലെന്നുമുള്ള വിലയിരുത്തലിലാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജൂൺ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. ഏറെ വിവാദമായ കേസില്‍ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
രണ്ട് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു. പരിശോധിച്ച സി.സി.ടി.വി ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി.
പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സി.പി.എം കെട്ടിച്ചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ചര്‍ച്ചയായി. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് സൂചന പോലും കിട്ടാതായത്തോടെയാണ് പ്രത്യേക പൊലീസ് സംഘത്തില്‍ നിന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ഇതിനു മുമ്പ് എ.കെ.ജി സെന്ററിന് കല്ലെറിയുമെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും പ്രതിയല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.