എ.കെ.ജി സെന്‍റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. സ്ഫോടകവസ്തു എറിഞ്ഞ പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
അതേസമയം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറും പ്രതികരിച്ചു. സംഭവത്തിന് ശേഷം പൊലീസിന് ലഭിച്ച ആദ്യ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖമോ ബൈക്കിന്റെ നമ്പറോ വ്യക്തമല്ല. സ്ഫോടനത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാൾ മടങ്ങിയ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിലും പ്രതിയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.
എ.കെ.ജി സെന്ററിൽ നിന്ന് കുന്നുകുഴി വരെയുള്ള റോഡിലെ സി.സി.ടി.വികൾ പൊലീസ് പരിശോധിക്കും. പ്രതി ബൈക്കിൽ എ.കെ.ജി സെന്ററിലേക്ക് എത്തിയതും തിരിച്ചു പോയതും ഒരേ വഴിയിലൂടെയാണ്. ഈ വഴിയൂടെ എ.ഡി.ജി.പി വിജയ് സാഖറെ പരിശോധന നടത്തി. ഇതിനുശേഷമാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി സാഖറെ മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവത്തിൽ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ ശേഖരിച്ചു. ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യയും സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.