എ.കെ.ജി സെന്ററിനു 'ബോംബ്' എറിഞ്ഞത് സുകുമാരക്കുറുപ്പ് ആയിരിക്കുമോ? -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsതിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാത്തതിനെ ന്യായീകരിക്കാൻ സുകുമാരക്കുറുപ്പിനെ കൂട്ടുപിടിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 'എ.കെ.ജി സെന്ററിനു "ബോംബ് " എറിഞ്ഞത് ഇനിയെങ്ങാനും സുകുമാരക്കുറുപ്പ് ആയിരിക്കുമോ?' എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം.
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് നേരെ നേരെ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതിയെകുറിച്ച് സൂചനയില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ജയരാജൻ സുകുമാരക്കുറുപ്പിനെ കുറിച്ച് പറഞ്ഞത്. 'സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി? എന്നിട്ട് പിടിച്ചോ? പലരും മാറി മാറി ഭരിച്ചില്ലേ. എത്രയെത്ര കേസുകളുണ്ട് ഇങ്ങനെ. കക്കാൻ പഠിക്കുന്നവർക്ക് അറിയാം ഞേലാനും' എന്നായിരുന്നു ജയരാജന്‍റെ മറുപടി.
'ഇത്തരത്തിൽ കൃത്യങ്ങൾ നിർവഹിക്കുന്നവർ രക്ഷപ്പെടാനുളള വഴിയും സ്വീകരിക്കും. സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്റെ ശക്തിയും ബുദ്ധിപരമായ എല്ലാ തരത്തിലുള്ള ശാസ്ത്ര സാങ്കേതി വിദ്യവും ഉപയോഗിച്ച്കൊണ്ട് വളരെ ജാഗ്രതയോടെയാണ് കേസ് അന്വേഷിക്കുന്നത്. എന്നെ വെടിവെക്കാൻ ആളെയയച്ച സുധാകരൻ അത് ഇതുവരെ സമ്മതിച്ചിട്ടുണ്ടോ? രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് കീഴ്പെടുത്തുന്നതിലല്ല, ആശയപരമായി വ്യക്തത വരുത്തിക്കൊടുക്കുക എന്നതിലാണ് പാർട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്' -ജയരാജൻ പറഞ്ഞു.
എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിൽ ജയരാജനാണെന്ന കെ. സുധാകരന്‍റെ ആരോപണത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സുധാകരന് മറുപടി നൽകാൻ ആഹ്രഹിക്കുന്നില്ലെന്നും അയാളെപ്പോലെ തരം താഴാൻ എനിക്ക് കഴിയില്ലന്നുമായിരുന്നു ജയരാജന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.