അഖിലും ലെനിനും കാണാമറയത്ത്; ഇരുട്ടിൽ തപ്പി പൊലീസ്
text_fieldsതിരുവനന്തപുരം: ഹോമിയോ മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം വാങ്ങിയെന്ന കേസിൽ പ്രതി ചേർത്ത പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെയും കോഴിക്കോട് സ്വദേശി ലെനിൽ രാജിനെയും കണ്ടെത്താനാകാതെ പൊലീസ്. ചൊവ്വാഴ്ച കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് എകരൂൽ സ്വദേശി അഭിഭാഷകൻ എം.കെ. റഹീസിനെ തിരുവനന്തപുരം സി.ജെ.എം കോടതി റിമാൻഡ് ചെയ്തു.
കേസിലെ മുഖ്യസൂത്രധാരന്മാരായ അഖിൽ സജീവിനെയും ലെനിൻ രാജിനെയും കണ്ടെത്താനായി പ്രത്യേകസംഘം കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുണ്ട്. ഇവരെ പിടികൂടിയാൽ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ.
ഒരാഴ്ച മുമ്പ് അഖിൽ സജീവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ചെന്നൈയിലാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ദിവസത്തിനകം കേസിന് ഉത്തരമാകുമെന്നും ഇരുവരും പിടിയിലാകുമെന്നും സിറ്റി പൊലീസ് കമീഷണർ നാഗരാജു പറയുന്നു.
അതിനിടെ, ആരോഗ്യമന്ത്രി വീണ ജോർജിന്റെ പി.എ അഖിൽ മാത്യുവിനെതിരായ കൈക്കൂലി ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളി പൊലീസ് സ്റ്റേഷനിൽ ഹാജരായില്ല. ബുധനാഴ്ച ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. രണ്ട് മൊബൈൽ നമ്പറും പ്രവർത്തനരഹിതമാണ്. ആരോപണങ്ങളും പൊലീസ് കണ്ടെത്തിയ തെളിവുകളിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടി ഹരിദാസൻ അന്വേഷണം വഴിതെറ്റിക്കുന്നെന്നാണ് പൊലീസ് ഭാഷ്യം. ഹരിദാസനുവേണ്ടിയും തിരച്ചിൽ ഊർജിതമാണ്.
എന്നാൽ, അദ്ദേഹത്തെ ഉടൻ അറസ്റ്റു ചെയ്യില്ലെന്നാണ് പൊലീസ് വിശദീകരണം. വീണ്ടും ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കഴിഞ്ഞ ദിവസം വിട്ടയച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാറിനിൽക്കുകയാണെന്നാണ് ഹരിദാസന്റെ കുടുംബത്തിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.