കോഴ കൊടുത്തെന്ന് പറഞ്ഞ ദിവസം പത്തനംതിട്ടയിൽ; ദൃശ്യങ്ങളുമായി അഖിൽ മാത്യു
text_fieldsപത്തനംതിട്ട: മലപ്പുറത്ത് എൻ.എച്ച്.എമ്മിൽ ഡോക്ടർ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്നതിന് തെളിവുകളുമായി രംഗത്ത്. കോഴ നൽകിയെന്ന് പറയുന്ന സമയം തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും പത്തനംതിട്ട മൈലപ്രയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
2023 ഏപ്രില് 10ന് ഉച്ചക്ക് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഓഫിസിനുസമീപം പണം കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതിയുള്ളത്. ഇതേദിവസം വൈകീട്ട് മൂന്നുമുതല് അഖിൽ മാത്യു മൈലപ്രയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവനന്തപുരത്തുനിന്ന് റോഡ് മാർഗം അതിവേഗം സഞ്ചരിച്ചാൽപോലും പത്തനംതിട്ടയിൽ എത്താൻ രണ്ട് മണിക്കൂർ വേണം. ഉച്ചക്ക് പണം വാങ്ങിയെന്ന് സംശയിക്കുന്ന അഖിൽ മൂന്നുമണിയോടടുത്ത് പത്തനംതിട്ട മൈലപ്രയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല. തിരുവനന്തപുരത്തുനിന്ന് 100 കിലോമീറ്റർ ദൂരമുള്ള പത്തനംതിട്ടയിലേക്ക് അരമണിക്കൂറിൽ എത്തിച്ചേരാൻ സാധിക്കില്ലെന്നും ദൃശ്യങ്ങൾ പൊലീസിന് കൈമാറുമെന്നും അഖിൽ മാത്യു പറഞ്ഞു.
മകൻ നാട്ടിലുണ്ടായിരുന്നെന്ന് മാതാവ് മോളി
പത്തനംതിട്ട: ഹരിദാസ് കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം മകൻ അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നുവെന്ന് അമ്മ മോളി മാത്യു. അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ഏപ്രിൽ 10, 11 തീയതികളിൽ മകൻ നാട്ടിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഉച്ചക്കുശേഷമുള്ള വിവാഹത്തിലും വൈകീട്ടത്തെ സൽക്കാരത്തിലും മകൻ പങ്കെടുത്തുവെന്നും അവർ പറഞ്ഞു. മകൻ സത്യസന്ധമായി ജോലി ചെയ്യുന്ന ആളാണെന്നും വിവാദങ്ങൾ കണ്ടപ്പോൾ സങ്കടം തോന്നിയെന്നും വ്യക്തമാക്കി. പൊലീസ് യഥാർഥ കുറ്റക്കാരെ കണ്ടെത്തണമെന്നും മോളി മാത്യു ആവശ്യപ്പെട്ടു.
ഫോൺ സംഭാഷണം പുറത്ത്
മലപ്പുറം: ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സനൽ സ്റ്റാഫിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണത്തിൽ ഉൾപ്പെട്ട സി.ഐ.ടി.യു മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവും പരാതിക്കാരൻ ഹരിദാസുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. വിഷയത്തിൽ തനിക്ക് ചെയ്ത് തരാൻ പറ്റുമെന്നും മറ്റൊന്നും ഇപ്പോൾ പറയുന്നില്ലെന്നും അഖിൽ സജീവ് ഫോൺ സംഭാഷണത്തിൽ പറയുന്നു. ഓരോ പ്രശ്നങ്ങളിൽപെട്ടതിനാലാണ് ചെയ്ത് തരാൻ കഴിയാതെ വന്നത്. വിഷയത്തിൽ പരാതിയുമായി പോകുകയാണെങ്കിൽ നിങ്ങൾക്ക് (ഹരിദാസന്) ആലോചിച്ച് ചെയ്യാം. ഇക്കാര്യത്തിൽ താൻ പറയാനുള്ളത് പറഞ്ഞു.
പരാതിയുമായി പോകുകയാണെങ്കിൽ തനിക്ക് പറയാനുള്ളത് ബന്ധപ്പെട്ടവരുടെ അടുത്ത് പറഞ്ഞോളാമെന്നും അഖിൽ സജീവ് പറയുന്നു. നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം മറുപടി മാഷിന് (ഹരിദാസൻ) ലഭിച്ചിട്ടുണ്ടെങ്കിൽ അത് തനിക്ക് അയച്ചുതരണമെന്നും പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ അഖിൽ സജീവ് പറയുന്നുണ്ട്.
ആരോപണത്തിൽ ഉറച്ച് ഹരിദാസൻ
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സനൽ സ്റ്റാഫിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കാവിൽ അധികാരകുന്നത്ത് ഹരിദാസൻ കുമ്മാളി. മുഴുവൻ വിവരങ്ങളും തന്റെ കൈയിലുണ്ട്.
ഇക്കാര്യത്തിൽ ഒന്നും പേടിക്കാനില്ല. ആവശ്യമെങ്കിൽ രേഖകൾ പുറത്ത് വിടാനും ഒരുക്കമാണ്. മന്ത്രിയുടെ ഓഫിസിൽ നടക്കുന്ന കൈക്കൂലി അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, കൗണ്ടർ കേസ് നൽകി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്.
അഖിൽ മാത്യുവിന്റെ പരാതിയിൽ തനിക്കെതിരെ അന്വേഷണം നടത്തുന്നതിന് മുന്നോടിയായി തന്റെ മരുമകൾക്ക് ജോലി ലഭിക്കാനുള്ള ഹോമിയോ വകുപ്പിന്റെ ഇ മെയിൽ സന്ദേശമാരാണ് അയച്ചതെന്ന് കണ്ടെത്തണം. സംഭവം വിവാദമായതോടെ നിരവധി ഭീഷണികൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വെള്ളിയാഴ്ച മൊഴിയെടുക്കും
മലപ്പുറം: ഹരിദാസനെതിരെ അഖിൽ മാത്യു നൽകിയ പരാതിയിൽ മൊഴിയെടുക്കാൻ പൊലീസ് സംഘം വെള്ളിയാഴ്ച മലപ്പുറത്തെത്തും. കൈവശമുള്ള വിവരങ്ങളെല്ലാം പൊലീസ് സംഘത്തിന് കൈമാറുമെന്ന് ഹരിദാസൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.