നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ
text_fieldsപത്തനംതിട്ട: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ലെനിൻ രാജിനെ പിടികൂടാനുണ്ട്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ച അഖിലിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. പത്തനംതിട്ടയിലെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് കന്‍റോൺമെന്‍റ് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും. നിയമന തട്ടിപ്പ് വാർത്ത വന്നതിന് പിന്നാലെ ചെന്നൈയിലേക്ക് കടന്ന അഖിൽ പിന്നീട് തേനിയിൽ എത്തുകയായിരുന്നു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന തട്ടിപ്പുകളിൽ അഖിൽ സജീവും ലെനിൻ രാജുമാണ് മുഖ്യസൂത്രധാരകരെന്നാണ് പൊലീസ് നിഗമനം. 2021, 2022ലുമായി അഖിൽ സജീവിനെതിരെ രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകൾ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പത്തനതിട്ട പൊലീസും നിയമന കോഴക്കേസിൽ കന്‍റോൺമെന്‍റ് പൊലീസും അഖിൽ സജീവിനെ പിടികൂടാനുള്ള അന്വേഷണത്തിലായിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഓഫിസിനെതിരായി ഉയർന്ന ജോലി തട്ടിപ്പ് പരാതിയിൽ ഇടനിലക്കാരനായി സൂചിപ്പിച്ച അഖിൽ സജീവ് സി.ഐ.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറിയാണ്. സി.ഐ.ടി.യു. ജില്ല കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ നിക്ഷേപിച്ച 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു വർഷം മുമ്പ് ഇയാളെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു.
ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തിൽ, പണം വാങ്ങിയെന്ന ആരോപണം വ്യാജമാണെന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അഖിൽ മാത്യുവിന്‍റെ പരാതിയിൽ അഖിൽ സജീവിനെയും ലെനിനെയും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പ്രതി ചേർത്തിരുന്നു. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തത്.
സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല. ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നതും ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവുമായും ലെനിനുമായും നടത്തിയ പണമിടപാട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും ബാങ്ക് അക്കൌണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി. നിയമനക്കോഴയായി 175000 രൂപ നൽകി എന്നാണ് ഹരിദാസൻ ആരോപിച്ചിരുന്നത്. ഇതിൽ 75000 രൂപ അഖിൽ സജിവന് ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. എന്നാൽ ഇത് ലെനിൻ പറഞ്ഞ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് അഖിൽ സജീവിന്‍റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്‍റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.