എ.കെ.പി.സി.ടി.എ. സാംസ്കാരിക വേദി ടി. എം. കൃഷ്ണ ഉദ്ഘാടനം ചെയ്തു
text_fieldsസാംസ്കാരിക വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയെ സാംസ്കാരികമായി നവീകരിക്കുക, സാംസ്കാരിക നവോഥാനത്തിന് നേതൃത്വം നൽകുക, സാംസ്കാരിക ഭിന്നതകളെ അഭിമുഖീകരിക്കുക, മതനിരപേക്ഷ മൂല്യങ്ങളിലും ലിംഗനീതിയിലും അധിഷ്ഠിതമായ സമൂഹത്തെ വിഭാവനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടുകൂടി എയ്ഡഡ് കോളേജ് മേഖലയിലെ പ്രബല അധ്യാപകസംഘടനയായ ആൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ.) പുതിയതായി രൂപീകരിച്ച സാംസ്കാരിക വേദിയുടെ ഉദ്ഘാടനം പ്രസിദ്ധ ഇന്ത്യൻ സംഗീതജ്ഞനും മഗ്സസെ പുരസ്കാര ജേതാവുമായ ടി.എം. കൃഷ്ണ നിർവഹിച്ചു.
സമകാലിക ഇന്ത്യ: സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച ടി.എം. കൃഷ്ണ ഇന്ത്യയിൽ ഇന്ന് സംസ്കാരത്തെയും കലയെയും ഭരിച്ചു കൊണ്ടിരിക്കുന്ന ഉച്ചസംസ്കാരത്തെ മാർക്സിയൻ ചിന്തകളുടെ അടിസ്ഥാനത്തിൽ നിശിതമായി വിമർശിച്ചു. വിവേചനങ്ങളില്ലാതെ കലയെയും സംസ്കാരത്തെയും കാണേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ധ്യാപകർ സാംസ്കാരിക മേഖലകളിൽ ഇടപെടേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും ടി.എം. കൃഷ്ണ ഊന്നിപ്പറഞ്ഞു. ഒരു അധ്യാപകസംഘടന സാംസ്കാരിക വിഷയങ്ങൾ ഏറ്റെടുക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കു വെച്ചു.
മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ട് സാംസ്കാരിക ദേശീയതയുടെ മറവിൽ മതാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കാനുള്ള നവഫാസിസ്റ്റ് ശ്രമങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചു വരികയാണെന്നും ഈ സാഹചര്യത്തിൽ സാംസ്കാരികമായ അനീതികളെ പ്രതിരോധിക്കേണ്ട ബാധ്യത എ.കെ.പി.സി.ടി.എ അടക്കമുള്ള പുരോഗമന ശക്തികൾക്കുണ്ടെന്നും അതിന് ഇത്തരം സാംസ്കാരിക വേദികൾ ഒരനിവാര്യതയാണെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന സമ്മേളനത്തിൽ എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നിശാന്ത് ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക വേദി കൺവീനർ ഡോ. എൻ. രേണുക സംഘടനയുടെ പുതുസംരംഭത്തെ പരിചയപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ഡോ. വി. പി. മർക്കോസ് സാംസ്കാരിക വേദിയുടെ കാഴ്ചപ്പാടുകൾ വിശദമാക്കിക്കൊണ്ട് ഭാവിപരിപാടികൾ അവതരിപ്പിച്ചു.
സംസ്കാരം എന്ന സങ്കല്പനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രഭാഷണ പരമ്പര സംഘടിപ്പിക്കാനും കലാപഠനത്തെ അടിസ്ഥാനമാക്കി ഒരു ശില്പശാല നടത്താനുമുള്ള ആലോചനയാണ് ഇക്കൊല്ലത്തെ പരിപാടികളായി മുന്നോട്ടു വെച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയും പൊതു സമൂഹവുമായുള്ള ബന്ധം നിരന്തരം നിലനിർത്തുന്നതിന് ഇണക്കു കണ്ണിയായി പ്രവർത്തിക്കാൻ സാംസ്കാരിക വേദിക്കു കഴിയട്ടെ എന്ന് സമ്മളനത്തിൽ സംസാരിച്ച എല്ലാവരും പ്രത്യാശ രേഖപ്പെടുത്തി. ജനുവരി 27 ന് വൈകിട്ട് നടന്ന സമ്മേളനത്തിൽ സൂം മീറ്റിങ്ങിലും ഫേസ് ബുക്ക്, യൂട്യൂബ് - ലൈവിലുമായി ആയിരത്തോളം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.