പാഴ്വസ്തുക്കൾ വിൽക്കാൻ 'ആക്രിക്കട' ആപ്; ഒരു ഫോട്ടെയെടുത്തിട്ടാൽ വീട്ടുപടിക്കൽ ആളെത്തും
text_fieldsകൊച്ചി: പാഴ്വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചൻറ്സ് അസോസിയേഷൻ. ആക്രിക്കട എന്ന പേരിൽ രൂപപ്പെടുത്തിയ മൊബൈൽ ആപ്പിലൂടെ ഇനി വളരെ എളുപ്പത്തിൽ വിൽപന നടത്താം. വീടുകളിലോ ഓഫിസുകളിലോ മറ്റ് സ്ഥലങ്ങളിലോ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തി അവ ഈ ആപ്പിലൂടെ അപ്ലോഡ് ചെയ്താൽ മാത്രം മതി. ഉടൻ തൊട്ടടുത്ത പ്രദേശങ്ങളിലെ കെ.എസ്.എം.എ അംഗങ്ങളായ പാഴ്വസ്തു വ്യാപാരികള്‍ക്ക് അവ അലര്‍ട്ടായി ലഭിക്കും. അപ്പോള്‍തന്നെ ചിത്രം അപ്ലോഡ് ചെയ്ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് തുടര്‍നടപടി വേഗത്തിലാക്കാന്‍ സാധിക്കും. ആപ്പിന്റെ പ്രകാശനം ബുധനാഴ്ച തിരുവനന്തപുരത്ത് വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കും.
എല്ലാവിധ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ആക്രിക്കട മൊബൈല്‍ ആപ്പിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ജൂലൈയില്‍ സ്പീക്കര്‍ എം.ബി. രാജേഷാണ് നിര്‍വഹിച്ചത്. ഗൂഗ്ൾ പ്ലേസ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഈ മേഖലയെ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായാണ് സംഘടന ആക്രിക്കട മൊബൈല്‍ ആപ് അവതരിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് പറഞ്ഞു.
സെക്രട്ടറി കെ.പി.എ. ഷെരീഫ്, ട്രഷറര്‍ അനില്‍ കട്ടപ്പന, രക്ഷാധികാരി വി.എം. സിറാജ്, വൈസ് പ്രസിഡന്റ് ഷബീര്‍ പെരുമ്പാവൂര്‍, വര്‍ക്കിങ് പ്രസിഡന്റ് മുരുകന് തേവന് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.