'ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ജീവിക്കാമായിരുന്നു'; എച്ച്.ഐ.വി ബാധിതരെന്ന പേരിൽ സമൂഹം മാറ്റിനിർത്തിയ കുടുംബം കനിവ് തേടുന്നു
text_fieldsകൊട്ടിയൂർ (കണ്ണൂർ): 18 വർഷത്തോളമായി രമയുടെ കുടുംബം ഒറ്റപ്പെടലിന്റെ വേദനയിലാണ്. എച്ച്.ഐ.വി. ബാധിതരെന്ന പേരിൽ അവരോട് സമൂഹം അകലംപാലിച്ച് നിൽക്കുകയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് മൂന്ന് മക്കളും പഠിച്ച് ബിരുദങ്ങൾ നേടി. പക്ഷേ, ഒരു തൊഴിൽ ലഭിക്കുന്നതിന് ഈ അകൽച്ച അവർക്ക് തടസ്സമായി. ഈ കോവിഡ് കാലത്ത് ഒരു തൊഴിൽ ലഭിക്കാതെ ജീവിതത്തിന് മുന്നിൽ കുടുംബം പകച്ചുനിൽക്കുകയാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ കാരുണ്യം തേടുകയാണ് ഇവർ, ഞങ്ങളെയൊന്ന് രക്ഷിക്കാൻ പറ്റുമോ എന്ന ചോദ്യത്തോടെ.
കൊട്ടിയൂർ അമ്പലക്കുന്ന് കൊറ്റംചിറയിൽ താമസിക്കുന്ന രമയും മക്കളായ അക്ഷരയെയും അനന്തുവിനെയും ആരും മറന്നുപോകാനിടയില്ല. ഭർത്താവ് ഷാജിയിൽനിന്നാണ് രമയ്ക്ക് എച്ച്.ഐ.വി. ബാധ ഉണ്ടായത്. അതുവഴി മൂന്ന് മക്കളിൽ ഇളയവരായ രണ്ടുപേർക്കും. കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാതെ പ്രതിഷേധിക്കുന്ന മറ്റു രക്ഷിതാക്കളുടെ മുന്നിൽ മക്കളെയും ചേർത്തുപിടിച്ച് നിൽക്കുന്ന രമയുടെ ചിത്രം ഒന്നരപ്പതിറ്റാണ്ട് മുമ്പ് എച്ച്.ഐ.വി. ബാധിതർക്കുനേരേയുള്ള സമൂഹമനോഭാവത്തിന്റെ പരിച്ഛേദമായിരുന്നു. കേരളം കണ്ണീരോടെ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു അത്.
2004-ൽനിന്ന് 2021-ൽ എത്തി. വിദ്യാഭ്യാസം നിഷേധിച്ച് പ്രതിഷേധവുമായിനിന്ന സമൂഹം ഇന്ന് എച്ച്.ഐ.വി. ബാധിതർ എന്ന അതേകാരണത്താൽ ഇവർക്ക് ജോലി നിഷേധിക്കുകയാണ്.
അക്ഷരയ്ക്ക് ബി.എസ്‌സി. സൈക്കോളജി ബിരുദമുണ്ട്. അനന്തു ബി.കോം. പൂർത്തിയാക്കി. മൂത്തമകൾ ആതിരയ്ക്ക് എം.ടെക്. ബയോടെക്നോളജി ബിരുദാനന്തരബിരുദവും. 2017-ൽ എം.ടെക്. പാസായി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തിൽ സെലക്‌ഷൻ ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്നു. പക്ഷേ, ജോലി ലഭിച്ചില്ല. മറ്റു പല സ്ഥലങ്ങളിലും സമാന അനുഭവം. ഒടുവിൽ കഴിഞ്ഞവർഷം പി.എസ്.സി., ബാങ്ക് കോച്ചിങ്ങിന് പോയിത്തുടങ്ങി. ''മത്സരപരീക്ഷകൾ വഴിയാകുമ്പോൾ ജോലിയിൽ എച്ച്.ഐ.വി. ബാധിതരുടെ കുടുംബത്തിൽ നിന്നെന്ന കാരണത്താൽ ഒഴിവാക്കില്ലല്ലോ'' - ആതിര പറയുന്നു.
കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ ഇടപെടുമോ എന്നാണ് രമയുടെ കണ്ണീരിൽ കുതിർന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.