അക്ഷരമ്യൂസിയം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
text_fieldsകോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യ പ്രസ് പുരയിടത്തില്‍ സഹകരണ വകുപ്പ് നിര്‍മിച്ച അക്ഷര മ്യൂസിയം ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 26ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് മന്ത്രി വി.എന്‍. വാസവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം. മുകുന്ദന് സമര്‍പ്പിക്കും. ടി. പത്മനാഭന്, എം.കെ. സാനു, എന്‍.എസ്. മാധവന്, പ്രഫ. വി. മധുസൂദനന്‍നായര്‍, ഏഴാച്ചേരി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
മ്യൂസിയത്തിൽ നാല് ഗാലറി
അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തിയറ്റര്‍, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്. നാലു ഘട്ടത്തിലായി പൂര്‍ത്തിയാക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ ഭാഷയുടെ ഉല്പത്തി മുതല്‍ മലയാള ഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാണ്. നാല് ഗാലറിയിലായാണ് ഒന്നാംഘട്ട ഉള്ളടക്കം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മനുഷ്യഭാഷയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഡിയോ പ്രൊജക്ഷന്, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ലിപികളുടെ പരിണാമചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് രണ്ടാം ഗാലറി. അച്ചടി സാങ്കേതികവിദ്യയെക്കുറിച്ചും മലയാളം അച്ചടിയുടെ ചരിത്രത്തെക്കുറിച്ചും പ്രധാന പുസ്തകങ്ങളെക്കുറിച്ചും അറിവു നല്‍കുന്നതാണ് മൂന്നാം ഗാലറി. കൂടാതെ കേരളത്തിലെ സാക്ഷരത പ്രവര്‍ത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡിയോ/ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് മ്യൂസിയത്തിന്റെ നാലാം ഗാലറി. മ്യൂസിയത്തിന്റെ ഒന്നാം നിലയില്‍ ലോകത്തിലെ ആറായിരത്തോളം ഭാഷകളെക്കുറിച്ച് വിവരം നൽകുന്ന ലോകഭാഷ ഗാലറിയും സജ്ജീകരിച്ചിരിക്കുന്നു.
അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി
മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ്കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കും.
അക്ഷരം ടൂറിസം യാത്രയില്‍ ഇന്ത്യയിലെ ആദ്യകോളജായ സി.എം.എസ്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ് പ്രസ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പഹ്ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ദേവലോകം അരമന, മനോഹരമായ മ്യൂറല്‍ പെയിന്റിങ്ങുകളുള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ്സ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എസ്.പി.സി.എസ്. സ്പെഷൽ ഓഫിസർ എസ്. സന്തോഷ് കുമാർ, ജോയന്റ് രജിസ്ട്രാർ കെ.വി. സുധീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.