ജിഷ്ണക്ക് സ്നേഹാദരമായി ഇനി അക്ഷരവീടുയരും
text_fieldsനെന്മാറ (പാലക്കാട്): ഹൈജംപിൽ ദേശീയ റെക്കോഡോടെ സ്കൂൾ അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയ നെന്മാറയിലെ ജിഷ്ണക്ക് സ്നേഹാദരമായി സമ്മാനിക്കുന്ന ‘അക്ഷരവീടി’ന് തറക്കല്ലിട്ടു. തേവർമണിയിലെ തറവാട്ട് മുറ്റത്ത് സജീകരിച്ച പന്തലിൽ പ്രൗഢസദസ്സിനെ സാക്ഷിയാക്കി മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണനാണ് ജിഷ്ണക്ക് ശിലാഫലകം നൽകി നിർമാണോദ്ഘാടനം നിർവഹിച്ചത്.
‘മാധ്യമ’വും താരസംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ചും എൻ.എം.സി ഗ്രൂപ്പും ചേർന്നാണ് ‘അക്ഷരവീട്’ പദ്ധതിക്ക് രൂപം നൽകിയത്. 51 അക്ഷരവീടുകളിൽ ഒമ്പതാമത്തേയും പാലക്കാട് ജില്ലയിലെ ആദ്യത്തേയും വീടിെൻറ നിർമാണമാണ് നെന്മാറയിൽ തുടങ്ങിയത്.
ബ്രേക്കിങ് ന്യൂസിൽ മാത്രം ഒതുങ്ങാതെ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്ന് കെ. ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി. ജിഷ്ണക്കുള്ള ‘അക്ഷരവീടി’നായി സമൂഹം എല്ലാ സഹായവും ചെയ്യണമെന്ന് പദ്ധതി സമർപ്പണം നിർവഹിച്ച കെ. ബാബു എം.എൽ.എ അഭ്യർഥിച്ചു. കലാകാരൻമാർക്കും കായികതാരങ്ങൾക്കും സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വത്തിനുള്ള ശ്രമത്തിെൻറ ഭാഗമാണ് അക്ഷരവീട് പദ്ധതിയെന്ന് ‘അമ്മ’ പ്രതിനിധിയും നടനുമായ സുനിൽ സുഖത പറഞ്ഞു. ഔദാര്യമല്ല, കഴിവ് തെളിയിച്ചതിന് നൽകുന്ന പാരിതോഷികമാണിതെന്ന് ചടങ്ങിൽ സന്ദേശം നൽകിയ യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടറും നടനുമായ കെ.കെ. മൊയ്തീൻകോയ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതി ഉണ്ണി, ശ്രീജ രാജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ രവീന്ദ്രൻ, നെന്മാറയിൽ ആരംഭിക്കുന്ന എവൈറ്റിസ് ആശുപത്രി സി.ഇ.ഒ പി. മോഹനകൃഷ്ണൻ, മണ്ണാർക്കാട് കല്ലടി സ്കൂൾ പ്രിൻസിപ്പൽ എം. റഫീഖ്, ജിഷ്ണയുടെ കായികശേഷി കണ്ടെത്തിയ നെന്മാറ സ്കൂളിലെ കായികാധ്യാപകൻ കെ.വി. ശശീന്ദ്രനാഥൻ, കല്ലടി സ്കൂളിലെ കായികപരിശീലകൻ എം. രാമചന്ദ്രൻ, യു.എ.ഇ എക്സ്ചേഞ്ച് ഈസ്റ്റ് കേരള ഹെഡ് പി. ദിലീപ്, മാധ്യമം പാലക്കാട് ബ്യൂറോ ചീഫ് ടി.വി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. മാധ്യമം ന്യൂസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ സ്വാഗതവും ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലിം നന്ദിയും പറഞ്ഞു.
നെല്ലിയാമ്പതി-നെന്മാറ റോഡരികിൽ ജിഷ്ണയുടെ പിതാവ് മോഹനെൻറ മൂന്നര സെൻറ് സ്ഥലത്താണ് അക്ഷരമാലയിലെ ‘ഏ’ എന്ന അക്ഷരത്തിലുള്ള വീട് ഒരുങ്ങുന്നത്. പ്രമുഖ വാസ്തുശിൽപി ജി. ശങ്കറാണ് രൂപകൽപന. ദേശീയ സ്കൂൾ കായികമേളയിൽ ഹൈജംപിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നേടിയ ജിഷ്ണ തെലങ്കാനയിൽ നടന്ന ദക്ഷിണേന്ത്യ അത്ലറ്റിക് മീറ്റിലും സ്വർണമണിഞ്ഞിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇതുവരെ നാല് മെഡലുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.